സിനിമകളില്‍ വിഎഫ്എകസ് ഉപയോഗം പരമാവധി കുറച്ച് ആക്ഷന്‍ രംഗങ്ങള്‍ തനിമയൊടെ അവതരിപ്പിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍. അദ്ദേഹത്തിന്റെ കഴിഞ്ഞ സിനിമ ടെനറ്റില്‍ ബോയിങ് 747 വിമാനമാണ് ഒരു രംഗത്തിന്റെ പൂര്‍ണ്ണതയ്ക്കായി തകര്‍ത്തുകളഞ്ഞത്.
ഇത്തവണ ആരെയും ഞെട്ടിക്കുന്ന ഒരു തീരുമാനവുമായാണ് നോളന്‍ എത്തിയത്. പുതിയ ചിത്രം ഓപ്പണ്‍ഹൈമറിനു വേണ്ടി യഥാര്‍ഥ ന്യൂക്ലിയര്‍ സ്‌ഫോടനം ചിത്രീകരിച്ചിരിക്കുകയാണ് നോളന്‍.
ആറ്റംബോംബിന്റെ പിതാവായ ശാസ്ത്രഞ്ജന്‍ ജെ.റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതമാണ് ചിത്രത്തിന് പ്രമേയം. ഹൈമറിന്റെ നേതൃത്വത്തില്‍ നടന്ന ട്രിനിറ്റി ടെസ്റ്റ്( മെക്‌സിക്കോയില്‍ നടന്ന ആദ്യ നൂക്ലിയര്‍ സ്‌ഫോടന പരീക്ഷണം) ആണ് നോളന്‍ സിനിമയ്ക്കു വേണ്ടി റി ക്രിയേറ്റ് ചെയ്തത്.
തന്റെ സിനിമകളിലെ ഏറ്റവും മുതല്‍മുടക്കേറിയ സിനിമയാകും ഓപ്പണ്‍ഹൈമറെന്ന് നോളന്‍ അവകാശപ്പെടുന്നു. ഐമാക്‌സ് ക്യാമറയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. നോളന്റെ പ്രിയ ഛായാഗ്രാഹകനായ ഹൊയ്തി വാന്‍ ഹൊയ്‌ടെമയാണ് ഓപ്പണ്‍ഹൈമറിന്റെ ക്യാമറ.
Read more
കിലിയന്‍ മര്‍ഫിയാണ് ഓപ്പണ്‍ഹൈമറുടെ വേഷത്തിലെത്തുക. എമിലി ബ്ലണ്ട്, മാട്ട് ഡാമണ്‍, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ഫ്‌ലോറെന്‍സ് പഗ് തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ജൂലൈ 21ന് തിയറ്ററുകളിലെത്തും.