സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. തന്റെ സിനിമയായ ‘പത്തൊമ്പതാം നൂറ്റാണ്ടി’ന് അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിന് എതിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെന്‍സി ഗ്രിഗറിയും സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശങ്ങളും വിനയന്‍ പുറത്തു വിട്ടിരുന്നു. ഈ സംഭാഷണങ്ങളും പരാതിക്കൊപ്പം തെളിവായി വിനയന്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, തുടര്‍ച്ചയായി രണ്ടാംവര്‍ഷവും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടിരിക്കുന്നു എന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനല്ലെന്ന് മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (മൈക്ക്) അഭിപ്രായപ്പെട്ടിരുന്നു.