ഓസ്‌കര്‍ വേദിയില്‍ സാന്നിധ്യമായ പൂര്‍ണിമ ഇന്ദ്രജിത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓസ്‌കര്‍ റെഡ് കാര്‍പ്പെറ്റില്‍ ചുവടുവെച്ച ഇന്ത്യയില്‍ നിന്നുള്ള താരം അനന്യ ശാന്‍ഭാഗിന് വസ്ത്രമൊരുക്കിയത് പൂര്‍ണിമ ഇന്ദ്രജിത്ത് ആണ്. കേരളത്തിലെ കൈത്തറി ഉല്‍പന്നങ്ങള്‍ ലോകവേദികളില്‍ ശ്രദ്ധിക്കപ്പെടുന്നത് ആഹ്ലാദകരമായ കാര്യമാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
”മലയാളത്തനിമയുടെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമായ കൈത്തറിയില്‍ നെയ്ത വസ്ത്രം ധരിച്ചാണ് ഇന്ത്യയില്‍ നിന്നുള്ള അനന്യ ശാന്‍ഭാഗ് ഓസ്‌കാര്‍ വേദിയിലെത്തിയത്. അഭിനേത്രിയും ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സംരംഭമാണ് ഈ വസ്ത്രങ്ങള്‍ തയ്യാറാക്കിയത്.”
”നമ്മുടെ കൈത്തറി ഉല്‍പന്നങ്ങള്‍ ലോകവേദികളില്‍ ശ്രദ്ധിക്കപ്പെടുന്നുവെന്നത് ആഹ്ലാദകരമായ കാര്യമാണ്. ഈ സ്വീകാര്യത നമ്മുടെ തനത് വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നത്” എന്നാണ് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അതേസമയം, ഓസ്‌കറില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ഹ്രസ്വചിത്രം അനുജയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അനന്യ ശാന്‍ഭാഗ് ആണ്.
പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സംരംഭമായ പ്രാണ ആണ് അനന്യക്കായി ഓസ്‌കര്‍ ചടങ്ങിലേക്ക് വസ്ത്രം ഒരുക്കിയത്. 2019ല്‍ വെനിസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നടി നിമിഷ സജയനും, 2024ലെ കാന്‍ ഫെസ്റ്റിവലില്‍ നടി ദിവ്യ പ്രഭയും പ്രാണയുടെ വസ്ത്രങ്ങള്‍ ധരിച്ചാണ് പങ്കെടുത്തത്.