രജനികാന്തിനെ നായകനാക്കി എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദര്‍ബാര്‍. ഏറെ പ്രതീക്ഷയോടെ പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് എന്നാല്‍ വേണ്ടത്ര വിജയം നേടാനായില്ല. ചിത്രം പരാജയമായതോടെ രജനികാന്ത് നഷ്ടം നികത്തണമെന്ന ആവശ്യവുമായി വിതരണക്കാര്‍ രംഗത്ത് വന്നിരുന്നു. ഇതിനിടെ രജനികാന്തിനെ കാണാനെത്തിയ വിതരണക്കാരെ പൊലീസ് ഗേറ്റിനു പുറത്ത് തടഞ്ഞതോടെ പ്രശ്‌നം കൂടുതല്‍ വഷളായിരിക്കുകയാണ്.
നഷ്ടം നികത്തിയില്ലെങ്കില്‍ രജനികാന്തിന്റെ വീടിന് മുന്നില്‍ നിരാഹാരമിരിക്കുമെന്നാണ് വിതരണക്കാര്‍ പറയുന്നത്. “ദര്‍ബാറിന് ഇങ്ങനെയൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ല. ആദ്യത്തെ രണ്ടു ദിവസം വളരെ നല്ല തിരക്കുണ്ടായിരുന്നു. പിന്നീട് ഓരോ ദിവസവും തിരക്ക് കുറയുകയായിരുന്നു. നേരത്തെ ബാബയ്ക്കും ലിംഗയ്ക്കും നഷ്ടം വന്നപ്പോള്‍ രജനി സര്‍ ഇടപെട്ടിരുന്നു. അദ്ദേഹം നഷ്ടപരിഹാരം നല്‍കിയിരുന്നു. അങ്ങനെയൊരു ഇടപെടല്‍ ഇപ്പോഴും അദ്ദേഹം നടത്തുമെന്നാണ് കരുതുന്നത്.” തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു.
നിലവില്‍ “ദര്‍ബാറി”ന്റെ മൊത്തം നഷ്ടം എത്രയെന്ന് കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം “2.0”ന്റെ നിര്‍മ്മാതാക്കളും ലൈക പ്രൊഡക്ഷന്‍സ് ആയിരുന്നു.