ഉപേന്ദ്രയ്ക്ക് നേരെ വ്യാപക പ്രതിഷേധം; നടന്റെ കോലം കത്തിച്ചു, രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ കേസ്

സോഷ്യല്‍ മീഡിയ ലൈവില്‍ ആരാധകരുമായി നടത്തിയ സംഭാഷണത്തിനിടെ ദളിത് വിരുദ്ധ പഴഞ്ചൊല്ല് പറഞ്ഞതിന് കന്നഡ നടന്‍ ഉപേന്ദ്രയ്ക്ക് നേരെ വ്യാപക പ്രതിഷേധം. ദളിത് സംഘടനാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ നടന്റെ പേരില്‍ രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

ബംഗളൂരു ചെന്നമ്മ നഗരെ അച്ചുകാട്ട് പോലീസും ഹലസൂരു ഗേറ്റ് പോലീസുമാണ് കേസ് എടുത്തത്. ഉപേന്ദ്ര രൂപം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടിയായ ഉത്തമ പ്രജാകീയ പാര്‍ട്ടിയുടെ ആറാം വാര്‍ഷികത്തിന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ സംഭാഷണമാണ് വിവാദമായത്.

സമൂഹത്തില്‍ നിഷേധാകാത്മക ചിന്തകളും വിമര്‍ശനങ്ങളും പ്രചരിപ്പിക്കുന്നവരെ കുറിച്ച് പറയുന്നതിനിടെയാണ് ദളിതരെ നടന്‍ പരാമര്‍ശിച്ചത്. ദളിത് വിഭാഗങ്ങളെ അവഹേളിക്കുന്നതാണ് ഉപേന്ദ്രയുടെ പരാമര്‍ശമെന്നാരോപിച്ച് ദളിത് സംഘടനാപ്രവര്‍ത്തകരായ ഗോപാല്‍ ഗിരിയപ്പ, ബനശങ്കരി വാസു എന്നിവര്‍ സാമൂഹികക്ഷേമ വകുപ്പിന് പരാതി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എന്‍ മധുസൂദന്‍ നല്‍കിയ പരാതിയിലാണ് ചെന്നമ്മ നഗരെ അച്ചുകാട്ട് പൊലീസ് കേസ് എടുത്തത്. കര്‍ണാടക രണധീര പടയുടെ സംസ്ഥാന പ്രസിഡന്റ് ബൈരപ്പ ഹരീഷ് കുമാര്‍ നല്‍കിയ പരാതിയില്‍ ഹലസൂരു ഗേറ്റ് പൊലീസും കേസ് എടുത്തു.

Read more

സംഭാഷണം വിവാദമായ ഉടന്‍ അദ്ദേഹം മാപ്പു പറഞ്ഞ് രംഗത്തെത്തി. വിവാദ വീഡിയോ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍ ബെംഗളൂരുവിലും രാമനഗരയിലും ദളിത് സംഘടനാ പ്രവര്‍ത്തകര്‍ നടന്റെ കോലം കത്തിച്ചു. കോലാറിലും പ്രതിഷേധം നടന്നു.