‘ഫാമിലി സ്റ്റാര്‍’ ചിത്രം റിലീസ് ആയതിന് വിജയ് ദേവരകൊണ്ടയ്ക്ക് കനത്ത വിമര്‍ശനങ്ങള്‍. സിനിമ ദുരന്തം ആണെന്ന് പറഞ്ഞു കൊണ്ടാണ് നടനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്ത്യയില്‍ നിന്നും വെറും നാല് ലക്ഷം രൂപ മാത്രമാണ് ഓപ്പണിംഗ് ദിനത്തില്‍ ചിത്രത്തിന് നേടാനായ കളക്ഷന്‍ എന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ആഗോളതലത്തില്‍ 5.75 കോടി രൂപയാണ് നേടിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. 2018ല്‍ പുറത്തിറങ്ങിയ ‘ഗീതാഗോവിന്ദം’ ആണ് വിജയ് ദേവരകൊണ്ടയുടെതായി തിയേറ്ററില്‍ ഹിറ്റ് ആയ ഒടുവിലത്തെ ചിത്രം. ഈ സിനിമയുടെ സംവിധായകനായ പരശുറാം ആണ് ഫാമിലി സ്റ്റാറും ഒരുക്കിയത്.
എന്നാല്‍ വിജയ്ക്ക് ഹൈയെസ്റ്റ് ഗ്രോസ് സമ്മാനിച്ച സംവിധായകന്‍ ഇപ്പോള്‍ ഒരു അബദ്ധം സൃഷ്ടിച്ചു എന്നാണ് ഒരാള്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്. ഇതുവരെ ഒന്നിച്ച് അഭിനയിച്ച എല്ലാ നടിമാര്‍ക്കും ഫ്‌ളോപ്പ് സമ്മാനിച്ച് ഒടുവില്‍ മൃണാള്‍ ഠാക്കൂറിന്റെ കരിയറിലെ ആദ്യ പരാജയവും വിജയ് നല്‍കി എന്നും ട്രോളുകളില്‍ നിറയുന്നുണ്ട്.
അത് മാത്രമല്ല, വിജയ്‌യുടെ എല്ലാ സിനിമകളിലും ഉണ്ടാവുന്ന ലിപ്‌ലോക്, ഇന്റിമേറ്റ് സീനുകളും ചര്‍ച്ചയാകുന്നുണ്ട്. വിജയ്‌യും മൃണാളും ഒന്നിച്ചുള്ള ലിപ് കിസ്സിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് വിമര്‍ശനം എത്തിയിരിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ എല്ലാ സിനിമയിലും ഈ ഒരേ സീന്‍ ഉണ്ടാകും എന്ന് പറഞ്ഞാണ് ചിലരുടെ വിമര്‍ശനം.
അതേസമയം, അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട ഏറെ ശ്രദ്ധ നേടുന്നത്. ഗീതാഗോവിന്ദം എന്ന സിനിമയ്ക്ക് ശേഷം പുറത്തിറങ്ങിയ ടാക്‌സിവാല, ഡിയര്‍ കോമ്രേഡ്, വേള്‍ഡ് ഫെയ്മസ് ലവര്‍, ലൈഗര്‍ എന്നീ സിനിമകള്‍ പരാജയമായിരുന്നു. കുഷി എന്ന സിനിമ മുടക്കുമുതല്‍ തിരിച്ചു പിടിച്ചെങ്കിലും ഹിറ്റ് ആയിരുന്നില്ല.