'കൂടെ നിന്ന് ചതിച്ച നാറി, ഒരു എമ്പുരാന്‍ കൂടി എടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക്'; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം

ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ അപലപിച്ച് പോസ്റ്റ് പങ്കുവച്ച മോഹന്‍ലാലിനെതിരെ കടുത്ത സൈബര്‍ ആക്രമണം. വിദ്വേഷ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ എമ്പുരാന്‍ സിനിമയെയും ബന്ധപ്പെടുത്തിക്കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്റുകള്‍ എത്തിക്കൊണ്ടിരിക്കുന്നത്.

‘ഒരു എമ്പുരാന്‍ കൂടി എടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക്’, ‘പത്ത് പുത്തന് വേണ്ടി ദയവായി ഇനി ഇതും വെളുപ്പിച്ച് സിനിമ എടുക്കരുത്’, ‘ഈ ആക്രമണത്തെയും വെളുപ്പിക്കാന്‍ ഒരു സിനിമ എടുക്കൂ ലാലേട്ടാ’, ‘പോസ്റ്റ് മുക്കിയിട്ട് കേണല്‍ പദവിയും തിരികെ കൊടുത്ത് താന്‍ പോയി സയ്ദ് മസൂദിന് ഊഞ്ഞാലാട്ടി കൊടുക്ക്’, ‘എമ്പുരാന്‍ 3 യില്‍ ഈ കഥ കൂടി കാണിക്കുവാന്‍ താങ്കള്‍ക്ക് കഴിയുമോ’, ‘നിങ്ങളെ മലയാളികള്‍ വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു മോഹന്‍ലാല്‍’ എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ എത്തുന്ന ചില കമന്റുകള്‍.

അതേസമയം, ഭീകരാക്രമണത്തിന് ഇരയായവരെയോര്‍ത്ത് തന്റെ ഹൃദയം വേദനിക്കുന്നെന്നും നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാന്‍ കഴിയില്ലെന്നുമാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘പഹല്‍ഗാം ഭീകരാക്രമണത്തിന് ഇരയായവരെയോര്‍ത്ത് എന്റെ ഹൃദയം വേദനിക്കുന്നു. അത്തരം ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാന്‍ കഴിയില്ല. ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിനുണ്ടായ നഷ്ടം വാക്കുകള്‍ക്ക് അതീതമാണ്.”

”നിങ്ങള്‍ തനിച്ചല്ലെന്ന് ദയവായി അറിയുക. രാഷ്ട്രം മുഴുവന്‍ നിങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഇരുട്ടിലും സമാധാനം നിലനില്‍ക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്. പരസ്പരം കൈവിടാതെ നമുക്ക് ഒരുമിച്ച് നില്‍ക്കാം” എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.