ട്രെയ്‌നില്‍ ഇരുന്ന് കണ്ടവനും ടിവിയില്‍ കണ്ടവനും കുടുങ്ങും; 'എആര്‍എം' വ്യാജ പ്രിന്റില്‍ അന്വേഷണം

‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിത്രം ട്രെയ്‌നില്‍ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകന്‍ ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഹൃദയഭേഗദകം എന്നാണ് ഇതിനൊപ്പം സംവിധായകന്‍ കുറിച്ചത്.

ചിത്രത്തിന്റെ വ്യാജ പ്രിന്റ് ടിവിയില്‍ കാണുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റുകള്‍ക്കെതിരെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും രംഗത്തെത്തിയിരുന്നു. 50 കോടി കളക്ഷനിലേക്ക് അടുക്കാനിരിക്കവെയാണ് സിനിമയുടെ വ്യാജ പ്രിന്റ് എത്തിയത്. സിനിമയെ നശിപ്പിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് നിര്‍മ്മാതാവ് ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്.


അതേസമയം, അഞ്ച് ദിവസം കൊണ്ടാണ് 50 കോടി എന്ന നേട്ടത്തിലേക്ക് എആര്‍എം എത്തിക്കഴിഞ്ഞു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്ത ഈ ത്രീഡി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, കബീര്‍ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.