ജയില്‍ ഭക്ഷണം കഴിച്ച് വയറിളക്കം, വീട്ടിലെ ഭക്ഷണവും പുസ്തകങ്ങളും വേണം; ആവശ്യവുമായി ദര്‍ശന്‍

ജയിലിലെ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് വയറിളക്കമായതിനാല്‍ വീട്ടിലെ ഭക്ഷണം ലഭ്യമാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊലക്കേസ് പ്രതിയായ തെലുങ്ക് താരം ദര്‍ശന്‍. ബെംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് നടന്‍.

വീട്ടിലെ ഭക്ഷണത്തോടൊപ്പം കിടക്കയും വായിക്കാന്‍ പുസ്തകങ്ങളും സ്വന്തം വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതിയും വേണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതി മുമ്പാകെയാണ് ദര്‍ശന്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജിയില്‍ പൊലീസ് വിസമ്മതപത്രം സമര്‍പ്പിച്ചു.

ദര്‍ശന്‍ കൊലപാതകക്കുറ്റം ചുമത്തിയ വിചാരണ തടവുകാരനായതിനാല്‍ നിലവിലുള്ള ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് മറ്റ് തടവുകാര്‍ക്ക് തുല്യമായി പരിഗണിക്കാനാവില്ലെന്ന് പൊലിസ് വാദിച്ചു. തടവുകാര്‍ക്ക് അവരുടെ സ്വന്തം വസ്ത്രങ്ങള്‍, കിടക്കകള്‍, പാദരക്ഷകള്‍ എന്നിവ കൈവശം വെക്കാന്‍ അനുവാദമില്ല.

ഹര്‍ജിക്കാരന്‍ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ ഹര്‍ജിയില്‍ അദ്ദേഹത്തിന്റെ അവകാശവാദത്തെ സാധൂകരിക്കുന്ന ഒരു രേഖയും ഹാജരാക്കിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അതേസമയം, ദര്‍ശന്റെ ജൂഡിഷ്യല്‍ കസ്റ്റഡി ഓഗസ്റ്റ് ഒന്ന് വരെ നീട്ടിയിട്ടുണ്ട്.

അതേസമയം, രേണുക സ്വാമി എന്ന ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ ജൂണ്‍ 11ന് ആണ് ദര്‍ശന്‍ അറസ്റ്റിലായത്. ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകം. കേസില്‍ ഒന്നാം പ്രതിയാണ് പവിത്ര ഗൗഡ.