കൊലപാതക കേസിലെ മുഖ്യ സാക്ഷിക്കൊപ്പം തിയേറ്ററില്‍; മൂന്ന് മണിക്കൂര്‍ സിനിമ കണ്ട് നടന്‍ ദര്‍ശന്‍, വിവാദം

വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി കന്നഡ നടന്‍ ദര്‍ശന്‍. ആരാധകനെ കൊന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ തിയേറ്ററില്‍ സിനിമ കാണാനെത്തിയതാണ് വിവാദമായിരിക്കുന്നത്. കേസിലെ മുഖ്യ സാക്ഷിക്കൊപ്പമാണ് നടന്‍ സിനിമ കാണാനായി തിയേറ്ററിലെത്തിയത് എന്നതാണ് വിവാദമായിരിക്കുന്നത്. തിയേറ്ററില്‍ മുഖ്യ സാക്ഷിയായ ആള്‍ക്കൊപ്പം ഇരിക്കുന്ന ദര്‍ശന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ജാമ്യത്തില്‍ പുറത്തിറങ്ങിയ ഒരു പ്രതിക്ക് താന്‍ ഉള്‍പ്പെട്ട കേസിലെ സാക്ഷിയെ കാണാന്‍ അവകാശമില്ല എന്ന കോടതി നടപടി കാറ്റില്‍ പറത്തിയാണ് നടന്റെ നീക്കം. അതിനാല്‍ നടനെതിരെ പൊലീസ് വീണ്ടും നടപടി എടുക്കാനാണ് സാധ്യത. ധന്‍വീര്‍ ഗൗഡ അഭിനയിച്ച വാമന എന്ന സിനിമ കാണാനായാണ് ദര്‍ശന്‍ എത്തിയത്.

ബെംഗളൂരുവിലെ ഒരു മാളില്‍ സിനിമ കാണാനായി എത്തിയ നടനെ ആരാധകര്‍ മുദ്രാവാക്യം വിളിച്ചു കൊണ്ട് സ്വീകരിച്ചിരുന്നു. രാത്രി 8 മണിയോടെ മാളിലെത്തിയ നടന്‍ മൂന്ന് മണിക്കൂറോളം തിയേറ്ററില്‍ ഉണ്ടായിരുന്നു. അതേസമയം, ഒക്ടോബറില്‍ ആയിരുന്നു ദര്‍ശന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ദര്‍ശന്‍ കോടതിയില്‍ ജാമ്യം തേടിയിരുന്നത്. രണ്ട് കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ നിയമോപദേശകന്‍ ഹാജരാക്കിയിരുന്നു.

ക്രൂര മര്‍ദ്ദനത്തിന് ഇരയായാണ് രേണുക സ്വാമി കൊല്ലപ്പെട്ടന്നത്. നടിയും സുഹൃത്തുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ചതില്‍ പ്രകോപിതനായാണ് ദര്‍ശനും കൂട്ടാളികളും രേണുക സ്വാമിയെ കൊലപ്പെടുത്തിയത്. ദര്‍ശന്റെ കടുത്ത ആരാധകന്‍ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി.