ആടുജീവിതം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ യഥാർത്ഥ ജീവിതത്തിലെ നജീബിന് സ്നേഹ സമ്മാനവുമായി എത്തിയിരിക്കുകയാണ് ശില്പി ഡാവിഞ്ചി സുരേഷ്.
കമ്പി, തകിട് ഷീറ്റുകൾ, ഫൈബർ എന്നിവ ഉപയോഗിച്ച് നാലടിയോളം ഉയരത്തിലാണ് ശില്പം നിർമ്മിച്ചിരിക്കുന്നത്. യഥാർത്ഥ നജീബും വെള്ളിത്തിരയിലെ നജീബിന്റെയും മുഖങ്ങളും നോവലിന്റെ കവർ ചിത്രവും അടങ്ങിയതാണ് ശില്പം.
മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.
വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.
2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.