ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടന്ന സര്‍ക്കാര്‍ വാദം തള്ളി ഡബ്ല്യുസിസി. തിരക്കഥാകൃത്തായ ദീദി ദാമോദരനാണ് മന്ത്രി പി രാജീവിന്റെ നിലപാടുകള്‍ തള്ളി രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുത് എന്ന് മന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടില്ല. റിപ്പോര്‍ട്ട് പുറത്ത് വിടണം എന്ന് തന്നെയാണ് ഡബ്ല്യൂസിസിയുടെ ആവശ്യം. പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാണ് നിലപാടെന്നും മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
പേരുകളും മൊഴികളും ഒന്നും പുറത്ത് അതേ നിലയില്‍ പുറത്താവുന്ന നിലയുണ്ടാവില്ലല്ലോ എന്ന ആശങ്ക കൂടിക്കാഴ്ചയില്‍ മന്ത്രിയോട് പങ്കുവച്ചിരുന്നു. അത് മന്ത്രി ഈ നിലയില്‍ വ്യാഖ്യാനിച്ചത് എങ്ങനെ എന്ന് അറിയില്ല. മന്ത്രിക്ക് കൊടുത്ത നിവേദനത്തിലെ ഉള്ളടക്കം പുറത്ത് വരണം എന്നാണ് നിവേദനത്തിലെ ആവശ്യം. ഇക്കാര്യം തന്നെയാണ് വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കി നിവേദനത്തിലും പറയുന്നത് എന്നും ദീദി ദാമോദരന്‍ പറയുന്നു.
ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രി പി രാജീവ് ഡബ്ല്യൂസിസിക്ക് എതിരായ വെളിപ്പെടുത്തല്‍ നടത്തിയത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കവേയാണ് റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് അവര്‍ തന്നോട് പറഞ്ഞു’, എന്ന്് പി രാജീവ് പറഞ്ഞത്. ‘ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുമായി ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് അവര്‍ എന്നോട് പറഞ്ഞു’, എന്നായിരുന്നു പി രാജീവിന്റെ പ്രതികരണം.