നടി അനശ്വര രാജനെതിരെ ആരോപണങ്ങളുമായി ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ’ സിനിമയുടെ സംവിധായകൻ ദീപു കരുണാകരൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സിനിമയെ പ്രമോട്ട് ചെയ്യാനായി ഒരു പോസ്റ്റ് പോലും അനശ്വര സോഷ്യൽ മീഡിയയിൽ പങ്കുവച്ചില്ല എന്നാണ് സംവിധായകൻ മനോരമ ഓൺലൈനോട് പ്രതികരിച്ചത്. അനശ്വര നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് സംവിധായകൻ ഇപ്പോൾ പറയുന്നത്.
അനശ്വരയുടെ നിസഹകരണം തന്റെ സിനിമയുടെ റീച്ചിനെ ബാധിച്ചെന്നും ഉണ്ടായ നഷ്ടത്തിന് വാങ്ങിയ പ്രതിഫലത്തിൽ ഒരു വിഹിതം തരാൻ അവർ തയ്യാറാകണം എന്നുമാണ് സംവിധായകൻ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരിച്ചത്.
അസോസിയേഷൻ വഴി മൂവ് ചെയ്യണം. നഷ്ടപരിഹാരം തരണം. വാങ്ങിയ പ്രതിഫലത്തിൽ ഒരു വിഹിതം തരാൻ അവർ തയ്യാറാകണം. പ്രത്യേകിച്ച് കാരണമില്ലാതെ പ്രൊമോഷന് വരില്ലെന്ന് പറയുമ്പോൾ എന്ത് വിശ്വാസത്തിലാണ് നമ്മൾ മുന്നോട്ട് പോകുന്നത്. പെെസ കൊടുക്കാത്തത് കൊണ്ട് ചെയ്തില്ല എങ്കിൽ കുഴപ്പമില്ല. കൃത്യമായി എണ്ണിപ്പറഞ്ഞ് ചോദിച്ച് വാങ്ങിച്ചിട്ടാണ് പലപ്പോഴും ഷൂട്ടിന് വന്നത്. എന്റെ കയ്യിൽ മെസേജുകൾ ഉണ്ട്’ എന്നും ദീപു കരുണാകരൻ പറയുന്നു.
ഈ സിനിമയിലെ പ്രധാന കഥാപാത്രം നായികയായ അനശ്വരയാണ്. അവർ മാത്രമാണ് ഈ സിനിമയിൽ ഏറ്റവും കൂടുതലുള്ളത്. അപ്പോൾ അവരില്ലാതെ പ്രൊമോഷൻ ചെയ്തിട്ട് എന്ത് കാര്യമാണെന്നും സംവിധായകൻ ചോദിക്കുന്നു.