‘പൊന്നിയിന്‍ സെല്‍വന്‍ 2’വിനായി കാത്തിരിക്കവെ സംവിധായകന്‍ മണിരത്‌നം നിയമകുരുക്കില്‍. പൊന്നിയിന്‍ സെല്‍വന്റെ ചരിത്രത്തെ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് മണിരത്നത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ചെന്നൈ അണ്ണാനഗറില്‍ നിന്നുള്ള അഭിഭാഷകന്‍ ചാള്‍സ് അലക്സാണ്ടര്‍ ആണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കല്‍ക്കിയുടെ പൊന്നിയന്‍ സെല്‍വന്‍ നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രം ചരിത്രത്തെ വളച്ചൊടിച്ചതാണ്. പേരുകള്‍ ദുരുപയോഗം ചെയ്തു.
സിനിമ സംവിധായകന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്തു, ചരിത്രത്തെ അടിസ്ഥാനമാക്കി, സിനിമയെ സിനിമയാക്കുന്നതിന് മുമ്പ് ശരിയായ ഗവേഷണം നടത്തേണ്ടതായിരുന്നു. ചരിത്രം വളച്ചൊടിച്ചുകൊണ്ട് യുദ്ധ തന്ത്രങ്ങളില്‍ മികവ് പുലര്‍ത്തിയ ചോളന്മാരെ അപമാനിക്കുകയും ചെയ്തു.
അതിനാല്‍ കേന്ദ്ര സര്‍ക്കാരിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും നല്‍കിയ പരാതികളില്‍ മണിരത്നത്തിനെതിരെ നടപടിയെടുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജി ഉടന്‍ കേള്‍ക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ചിത്രം റിലീസ് ചെയ്തത്.
ഈ വര്‍ഷം ഏപ്രില്‍ 28ന് ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുക. ഐശ്വര്യ റായ്, വിക്രം, തൃഷ, കാര്‍ത്തി, ജയറാം, ജയം രവി, പ്രഭു, പ്രകാശ് രാജ്, ശോഭിത ധൂലിപാല, ബാബു ആന്റണി, റിയാസ് ഖാന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ വേഷമിട്ടത്.