'വ്യാജ പതിപ്പ് ചോർത്താതിരിക്കാൻ പണം ആവശ്യപ്പെട്ടു'; പരാതിയുമായി 'ഗെയിം ചേഞ്ചര്‍' നിര്‍മാതാക്കൾ, 45 പേർക്കെതിരെ കേസ്

വ്യാജ പതിപ്പ് ചോർത്താതിരിക്കാൻ പണം ആവശ്യപ്പെട്ടതായി പരാതിയുമായി പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ഗെയിം ചേഞ്ചറിന്‍റെ നിര്‍മ്മാതാക്കൾ. ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റ് പുറത്തുവിട്ടവര്‍ തങ്ങളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന് നിർമാതാക്കൾ പരാതി നൽകി. 45 പേർക്കെതിരെയാണ് നിർമാതാക്കൾ പരാതി നൽകിയിരിക്കുന്നത്.

ജനുവരി 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ​ഗെയിം ചേഞ്ചര്‍. രാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണിത്. ചിത്രം തിയറ്ററുകളിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍ എത്തിയത്. കുറ്റകൃത്യത്തിന് പിന്നില്‍ ഉള്ളവരെന്ന് കരുതുന്ന 45 പേര്‍ക്കെതിരെയാണ് നിര്‍മ്മാതാക്കള്‍ സൈബര്‍ക്രൈം വിഭാ​ഗത്തില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഈ 45 പേര്‍ ഒരു വലിയ ​ഗൂഢാലോചനയുടെ ഭാ​ഗമായി പ്രവര്‍ത്തിച്ചവരാണോ എന്നാണ് സൈബര്‍ ക്രൈം വിഭാ​ഗത്തിന്‍റെ അന്വേഷണം. ചിത്രത്തിന്‍റെ റിലീസിന് മുന്‍പുതന്നെ സോഷ്യല്‍ മീഡിയയിലൂടയും മെസേജിം​ഗ് പ്ലാറ്റ്ഫോമുകളിലൂടെയും വ്യാജ പതിപ്പ് ചോര്‍ത്താതിരിക്കാന്‍ ഇവര്‍ നിര്‍മ്മാതാക്കളോട് പണം ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുള്ള തെളിവുകള്‍ കേസന്വേഷണത്തില്‍ നിര്‍ണ്ണായകമാകുമെന്നാണ് സൂചന.