വിശാൽ കൃഷ്ണമൂർത്തി വീണ്ടുമെത്തുന്നു; സിബി മലയിൽ ചിത്രം 'ദേവദൂതൻ' 4K റീ റിലീസ് ട്രെയ്​ലർ പുറത്ത്

മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങീ നിരവധി മികച്ച സിനിമകളാണ് സിബി മലയിൽ മലയാളത്തിന് സമ്മാനിച്ചത്..

അത്തരത്തിൽ സിബി മലയിൽ- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രമാണ് ദേവദൂതൻ. ചിത്രത്തിന്റെ റീ റിലീസീനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ റീ റിലീസ് ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.രഘുനാഥ് പാലേരിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയത്.

4K റീമാസ്റ്റേർഡ് വേർഷനായാണ് ചിത്രമെത്തുന്നത്. റിലീസ് ചെയ്ത സമയത്ത് വലിയ രീതിയിൽ ഇംപാക്ട് ഉണ്ടാക്കാതെ പോയ സിനിമയാണ് ദേവദൂതൻ. എന്നാൽ പിന്നീട് സിനിമ ചർച്ചകളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദേവദൂതൻ.

കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ സ്വീകാര്യത നേടിയവയാണ്.

Read more