സംവിധായകനായി വീണ്ടും ധനുഷ്; ഒപ്പം കാളിദാസ് ജയറാമും; 'റായൻ' ഫസ്റ്റ് ലുക്ക് പുറത്ത്

‘പവർപാണ്ടി’ എന്ന ചിത്രത്തിന് ശേഷം ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റായൻ’ ടൈറ്റിൽ ആന്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ധനുഷ് തന്നെ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം താരത്തിന്റെ കരിയറിലെ അൻപതാമത് ചിത്രം കൂടിയാണ്.

Image

ചോരയൊലിക്കുന്ന ആയുധം കയ്യിലേന്തിയാണ് ധനുഷ് പോസ്റ്ററിലുള്ളത്. കൂടെ കത്തിയുമായി കാളിദാസ് ജയറാമും സന്ദീപ് കിഷനുമുണ്ട്. ആക്ഷൻ- ത്രില്ലർ ഴോണറിൽ ആയിരിക്കും ചിത്രമെത്തുക എന്ന് ഇതിനോടകം ഉറപ്പായിട്ടുണ്ട്.

കാളിദാസ് ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ത്യാ മേനോൻ, അപർണ ബാലമുരളി, അനിഖ സുരേന്ദ്രൻ,സന്ദീപ് കിഷൻ, എസ് ജെ സൂര്യ, സെൽവരാഘവൻ, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Read more

എ. ആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് റായൻ നിർമ്മിക്കുന്നത്. ഓം പ്രകാശ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ജി കെ പ്രസന്നയാണ്. ഈ വർഷം പകുതിയോടെ ചിത്രം വിവിധ ഭാഷകളിലായി തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.