‘നിലാവുക്ക് എന്‍മേല്‍ എന്നടി കോപം’ തിയേറ്ററില്‍ വന്‍ പരാജയമായി മാറിയതോടെ തന്റെ പുതിയ സിനിമയുടെ റിലീസ് നീട്ടി വച്ച് ധനുഷ്. നടന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മൂന്നാമത്തെ ചിത്രമാണ് നിലാവുക്ക് എന്‍മേല്‍ എന്നടി കോപം. 15 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തിയേറ്ററില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. വെറും 7.6 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ നിന്നും നേടാന്‍ സാധിച്ചിട്ടുള്ളു.
ഇതോടെയാണ് പിന്നാലെ റിലീസ് ചെയ്യാനിരുന്ന ‘ഇഡ്‌ലി കടൈ’യുടെ റിലീസ് നീട്ടി വച്ചിരിക്കുന്നത്. ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് ഇഡ്‌ലി കടൈ. ഏപ്രില്‍ 10ന് ആയിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇനി ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാകും ചിത്രം റിലീസ് ചെയ്യുക എന്നാണ് വിവരം.
സിനിമയിലെ ചില ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാകാത്തത് കാരണമാണ് റിലീസ് നീട്ടിയത് എന്ന റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. ഇതിന് മുന്നേയും ഇഡ്ലി കടൈയുടെ റിലീസ് നീട്ടിയിരുന്നു. ഫെബ്രുവരി ആറിന് റിലീസ് പ്രഖ്യാപിച്ച സിനിമ അജിത്തിന്റെ ‘വിടാമുയര്‍ച്ചി’യുമായുള്ള ബോക്‌സ് ഓഫീസ് ക്ലാഷ് ഒഴിവാക്കാനായാണ് ഏപ്രിലിലേക്ക് മാറ്റിയത്.
നിത്യ മേനന്‍ ആണ് നായിക. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസ്, ഡോണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘രായന്‍’, ‘പാ പാണ്ടി’ എന്നിവയാണ് നടന്റെ സംവിധാനത്തില്‍ എത്തിയ മറ്റ് സിനിമകള്‍.