നഷ്ടപരിഹാരം വേണം.. നയന്‍താരയില്‍ മാത്രമായിരുന്നു അവന്റെ ശ്രദ്ധ, അത് വലിയ നഷ്ടമുണ്ടാക്കി..; കോടതിയില്‍ ധനുഷ്

‘നയന്‍താര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ല്‍’ ഡോക്യുമെന്ററിയില്‍ നിന്നും ‘നാനും റൗഡി താന്‍’ സിനിമയിലെ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നത് സ്ഥിരമായി തടയാന്‍ ധനുഷ് സിവില്‍ കേസ് ഫയല്‍ ചെയ്തു. ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് സിവില്‍ കേസ് നല്‍കിയിരിക്കുന്നത്.

ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലെ സത്യവാങ്മൂലത്തില്‍ നയന്‍താരയുടെ വിഘ്‌നേഷ് ശിവന്റെയും പ്രവര്‍ത്തികള്‍ കാരണം സിനിമയ്ക്ക് വലിയ നഷ്ടമുണ്ടാക്കി എന്നാണ് ആരോപിക്കുന്നത്. ഏപ്രില്‍ 9ന് ആണ് ഈ കേസ് വീണ്ടും പരിഗണിക്കുന്നത്.

”നാലാമത്തെ പ്രതി (വിഘ്‌നേഷ് ശിവന്‍) അനാവശ്യമായി മൂന്നാമത്തെ പ്രതിയില്‍ (നയന്‍താര) മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി, മറ്റ് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അവഗണിച്ചുകൊണ്ട്, മൂന്നാം പ്രതി ഉള്‍പ്പെട്ട രംഗങ്ങളുടെ ഒന്നിലധികം റീടേക്കുകള്‍ എടുത്തു. അവര്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് ഉറപ്പുവരുത്താനും മറ്റ് അഭിനേതാക്കളെ മുന്‍ഗണന നല്‍കാതിരിക്കാനും സംവിധായകന്‍ പ്രത്യേകം ശ്രദ്ധിച്ചു” എന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

അതേസമയം, നയന്‍താരയുടെ 40-ാം പിറന്നാള്‍ ദിനത്തിലായിരുന്നു ഡോക്യുമെന്ററി പുറത്തുവിട്ടത്. ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ സിനിമയിലെ മൂന്ന് സെക്കന്‍ഡ് ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ധനുഷ് 10 കോടിയുടെ വക്കീല്‍ നോട്ടീസ് അയച്ചതോടെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ധനുഷിനെതിരെ പ്രതികരിച്ച് നയന്‍താര രംഗത്തെത്തിയിരുന്നു.

Read more