ധനുഷ് വീണ്ടും ഹോളിവുഡിലേക്ക്. 2018 ല്‍ പുറത്തിറങ്ങിയ ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കിര്‍’, 2022 ല്‍ പുറത്തിറങ്ങിയ ദി ഗ്രേമാന്‍’ എന്നീ സിനിമകള്‍ക്ക് ശേഷം ധനുഷ് വീണ്ടും മറ്റൊരു ഹോളിവുഡ് സിനിമയുടെ ഭാഗമാവുകയാണ്. അമേരിക്കന്‍ നടിയായ സിഡ്നി സ്വീനിക്കൊപ്പമാണ് ധനുഷിന്റെ പുതിയ ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ട്രീറ്റ് ഫൈറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സോണി പ്രൊഡക്ഷന്‍സ് ആണ്. എന്നാല്‍ ധനുഷ് വീണ്ടും ഹോളിവുഡില്‍ എത്തുന്നു എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. നിലവില്‍ തന്റെ മൂന്നാം സംവിധാന സംരംഭമായ ‘ഇഡ്ലി കടൈ’യുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ധനുഷ്.
ചിത്രത്തിലെ നായകനും ധനുഷ് തന്നെയാണ്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ കുബേരയാണ് ധനുഷിന്റെ മറ്റൊരു ചിത്രം. സംഗീത സംവിധായകന്‍ ഇളയരാജയുടെ കഥപറയുന്ന ചിത്രത്തില്‍ ഇളയരാജയായി എത്തുന്നതും ധനുഷാണ്. അരുണ്‍ മാതേശ്വരനാണ് ഈ ചിത്രത്തിന്റെ സംവിധാനം.
അതേസമയം, കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത കോമഡി ചിത്രമായ ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കിര്‍ എന്ന സിനിമയിലൂടെയാണ് ധനുഷ് ആദ്യമായി ഹോളിവുഡിലേക്ക് ചുവടുവെക്കുന്നത്. ആക്ഷന്‍ ചിത്രമായ ഗ്രേമാനിലെ ധനുഷിന്റെ അവിക്ക് സാന്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.