കലങ്ങി മറിഞ്ഞത് ഇനിയും തെളിയുമെന്ന് പിഷാരടി; ധര്‍മ്മജന് നല്ലത് പറഞ്ഞു കൊടുക്കൂ എന്ന് കമന്റുകള്‍

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായധനം ഇതുവരെയും കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ പ്രതികരണത്തിലായിരുന്നു വിവാദത്തിനു വഴി തുറന്ന ധര്‍മജന്റെ പരാമര്‍ശം. തുടര്‍ന്ന് ധര്‍മ്മജന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നിരവധി വിമര്‍ശന കമന്റുകളാണ് കുമിഞ്ഞു കൂടിയത്. ഇപ്പോഴിതാ സുഹൃത്തായ രമേശ് പിഷാരടിയുടെ പോസ്റ്റിനു താഴെയും വിവാദ വിഷയം വലിച്ചിഴക്കുകയാണ് ഒരു വിഭാഗം.

“കലങ്ങി മറിഞ്ഞത് ഇനിയും തെളിയും. നിറങ്ങള്‍ തിരിച്ചു വരും. ആത്മവിശ്വാസത്തിന്റെ അതിജീവനത്തിന്റെ പ്രതീക്ഷകളുടെ കിരണങ്ങള്‍ പരക്കുന്ന പുതുവത്സര പുലരിയില്‍ കോര്‍ത്ത കൈകള്‍ ചേര്‍ത്ത് തന്നെ മുന്നേറാം..സ്‌നേഹത്തോടെ….” എന്നായിരുന്നു പുതുവര്‍ഷ പുലരിയില്‍ പിഷാരടിയുടെ പോസ്റ്റ്. ഇതിന് താഴെയാണ് ധര്‍മ്മജനെ കൂടി ഉപദേശിക്കൂ എന്നുള്ള കമന്റുകള്‍ വരുന്നത്. ധര്‍മ്മജന്റെ പ്രസ്താവനയില്‍ താങ്കള്‍ക്ക് ഒന്നും പറയാനില്ലേയെന്നും കമന്റുകളുണ്ട്.

Read more

“കഴിഞ്ഞ പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളരെ പെട്ടന്നു തന്നെ കോടികള്‍ എത്തി. എന്നാല്‍ അതേ വേഗത്തില്‍ ആ തുക അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തിയില്ല,” എന്നായിരുന്നു ധര്‍മജന്റെ പ്രസ്താവന. ഇതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.