ധോണിയുടെ ആദ്യസിനിമ തമിഴില്‍, വൈറലായി വീഡിയോ

എം.എസ്. ധോണിയുടെ ധോണി എന്റര്‍ടെയ്‌ന്മെന്റ്‌സ് നിര്‍മിക്കുന്ന ആദ്യ സിനിമ പ്രഖ്യാപിച്ചു. ആദ്യ പ്രോജക്ട് തമിഴിലാണ്. ‘ലെറ്റ്‌സ് ഗെറ്റ് മാരീഡ്’ എന്നാണ് സിനിമയുടെ പേര്. ഹരീഷ് കല്യാണ്‍, ഇവാന (അലീന ഷാജി) എന്നിവര്‍ ഒന്നിക്കുന്ന ചിത്രം രമേഷ് തമില്‍മണി സംവിധാനം ചെയ്യും. യോഗി ബാബു, നദിയ മൊയ്തു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് പ്രൊഡക്ഷന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. സിനിമയുടെ പൂജ ചടങ്ങില്‍ സാക്ഷിയായിരുന്നു പ്രധാന ആകര്‍ഷണം. സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു.

അതേസമയം ധോണി നായകനാകുന്ന ഗ്രാഫിക് നോവല്‍ ഒരുങ്ങുകയാണ്. ‘അഥര്‍വ’ എന്ന നോവലിന്റെ മോഷന്‍ പോസ്റ്റര്‍ ധോണി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഗ്രാഫിക് നോവലില്‍ സൂപ്പര്‍ഹീറോയും പോരാളിയുമായാണ് ധോണി എത്തുന്നത്.

രമേശ് തമിഴ് മണിയാണ് നോവലിന്റെ രചന. ശിവ ചന്ദ്രികയുടേതാണ് തിരക്കഥ. 15ല്‍ ഏറെ ഇല്ലസ്‌ട്രേഷനുകളാണ് നോവലില്‍ ഉണ്ടാവുക. ഇന്ത്യയുടെ ആദ്യ പൗരാണിക സൂപ്പര്‍ ഹീറോയെ സമകാലികതയോടെ അവതരിപ്പിക്കാനാണ് രചയിതാവ് ശ്രമിച്ചിട്ടുള്ളതെന്ന് ധോണി പറയുന്നു.

Read more