ക്രിക്കറ്റ് താരത്തില്‍ നിന്ന് ഇപ്പോള്‍ നിര്‍മ്മാതാവ് എന്ന് പുതിയ ഉത്തരവാദിത്തത്തിലേക്കും കടക്കുകയാണ് മഹേന്ദ്ര സിങ് ധോണി. തന്റെ പുതിയ സംരംഭം ധോണി എന്റര്‍ടെയിന്‍മെന്റ് തുടങ്ങുന്നതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ധോണിയുടെയും ഭാര്യ സാക്ഷിയുടെയും ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ സിനിമയുടെ പ്രഖ്യപനം തല ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്തയും കൂടിയാണ്. ബാനറിന് കീഴിലുള്ള ആദ്യ ചിത്രം അജിത്തുമായായിരിക്കും എന്നാണ് സൂചന. ഇന്ന് രാവിലെ 10 മണിക്കാണ് പ്രഖ്യാപനം.
അതേസമയം ധോണി നായകനാകുന്ന ഗ്രാഫിക് നോവല്‍ ഒരുങ്ങുകയാണ്. ‘അഥര്‍വ’ എന്ന നോവലിന്റെ മോഷന്‍ പോസ്റ്റര്‍ ധോണി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഗ്രാഫിക് നോവലില്‍ സൂപ്പര്‍ഹീറോയും പോരാളിയുമായാണ് ധോണി എത്തുന്നത്.
രമേശ് തമിഴ് മണിയാണ് നോവലിന്റെ രചന. ശിവ ചന്ദ്രികയുടേതാണ് തിരക്കഥ. 15ല്‍ ഏറെ ഇല്ലസ്ട്രേഷനുകളാണ് നോവലില്‍ ഉണ്ടാവുക. ഇന്ത്യയുടെ ആദ്യ പൗരാണിക സൂപ്പര്‍ ഹീറോയെ സമകാലികതയോടെ അവതരിപ്പിക്കാനാണ് രചയിതാവ് ശ്രമിച്ചിട്ടുള്ളതെന്ന് ധോണി പറയുന്നു.