എന്റെ സിനിമയേക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടത് 'ആവേശം' തന്നെയാണ്, ആ സിനിമയ്‌ക്കെതിരെ സംസാരിച്ചത് തമാശയ്ക്ക്: ധ്യാന്‍ ശ്രീനിവാസന്‍

‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയേക്കാള്‍ കൂടുതല്‍ തനിക്ക് ഇഷ്ടമായത് ‘ആവേശം’ ആണെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ എത്തിയതോടെ വിഷു നമ്മള്‍ തൂക്കി എന്നും ആവേശത്തിന്റെ സെക്കന്‍ഡ് ഹാഫ് ലാഗ് ആണെന്നും ധ്യാന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ അത് തമാശയ്ക്ക് പറഞ്ഞതാണ് എന്നാണ് ധ്യാന്‍ ഇപ്പോള്‍ പറയുന്നത്.

ആവേശം റിലീസ് ചെയ്യുന്നതിന് മുമ്പേ അതിന്റെ റിപ്പോര്‍ട്ട് കിട്ടിയിരുന്നു. അന്ന് അങ്ങനെ പറഞ്ഞത് തമാശയ്ക്ക് മാത്രമായിരുന്നു. ഫെസ്റ്റിവല്‍ സീസണിലാണ് നമ്മുടെ സിനിമ വരുന്നത്. അങ്ങനെയൊരു ക്ലാഷ് വരുന്ന സമയത്ത് നിങ്ങളുടെ മുന്നില്‍ തന്നെയല്ലേ ഞാന്‍ ഇതൊക്കെ പറഞ്ഞു പോയത്.

നമ്മള്‍ പറയുന്നത്, ആളുകള്‍ എങ്ങനെ എടുക്കുന്നു എന്നതും പ്രധാനമാണ്. ജിത്തു മാധവന്‍ തന്നെ അതിന് ശേഷം നല്‍കിയ അഭിമുഖങ്ങളില്‍ പറയുകയുണ്ടായി, ഞാനത് പറഞ്ഞത് തമാശയ്ക്കാണെന്ന്. ആ സിനിമ പുറത്തിറങ്ങി ഹിറ്റായി എന്ന ആളുകളുടെ പ്രതികരണം വന്നതിന് ശേഷമാണ് ഞാന്‍ രാത്രിയില്‍ പോയി തമാശയ്ക്ക് ആ പ്രതികരണം നടത്തിയത്.

അതിന് മുന്നേ തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷത്തേക്കാള്‍ മുകളിലാണ് ആവേശമെന്ന വാര്‍ത്ത വന്നു കഴിഞ്ഞിരുന്നു. പിന്നീട് ഉസ്താദ് ഹോട്ടല്‍, ചരിത്രം നമ്മള്‍ ആവര്‍ത്തിക്കും എന്നൊക്കെ പറഞ്ഞത് വെറുതെ ഒരോളമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ്. എനിക്കറിയില്ലേ, ആവേശം അതിനേക്കാള്‍ നല്ല സിനിമയാണെന്ന്.

പക്ഷേ ആ സമയത്ത് എനിക്ക് എന്റെ സിനിമയെ താഴ്ത്തിക്കെട്ടി പറയാന്‍ പറ്റില്ലല്ലോ? എനിക്കറിയാം വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ പ്രശ്‌നങ്ങളൊക്കെ. ഞാന്‍ അഭിനയിച്ചൊരു സിനിമ, അതിനോടൊപ്പം ഇറങ്ങുന്ന മറ്റൊരു സിനിമ. എനിക്ക് ചിലപ്പോള്‍ എന്റെ സിനിമയേക്കാള്‍ ഇഷ്ടപ്പെടുന്നത് അതിന്റെ കൂടെ ഇറങ്ങിയ സിനിമയാകും.

കണ്ടപ്പോള്‍ ആവേശമാണ്, വര്‍ഷങ്ങള്‍ക്ക് ശേഷത്തേക്കാള്‍ ഇഷ്ടപ്പെട്ടത്. അത് സത്യമല്ലേ. നമ്മുടെ ടേസ്റ്റ് വ്യത്യാസം വരുന്നതില്‍ തെറ്റില്ലല്ലോ എന്നാണ് ധ്യാന്‍ പറയുന്നത്. ‘പാര്‍ട്‌ണേഴ്‌സ്’ എന്ന പുതിയ സിനിമയുടെ പ്രസ്മീറ്റില്‍ സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.