നടി നിവേദ പെതുരാജിന് നടനും തമിഴ്‌നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ ആഢംബര ഭവനം സമ്മാനിച്ചുവെന്ന് പ്രചാരണം. ‘ടിക് ടിക് ടിക്’, ‘സങ്കത്തമിഴന്‍’, ‘ഒരു നാള്‍ കൂത്ത്’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് നിവേദാ പെത്തുരാജ്. യൂട്യൂബര്‍ സാവുകു ശങ്കറാണ് നടിയെയും ഉദയനിധിയെയും ചേര്‍ത്ത് വിവാദ പരാമര്‍ശം നടത്തിയത്.
ഇത് ചര്‍ച്ചയായതോടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിവേദ. എക്‌സില്‍ പങ്കുവച്ച പോസ്റ്റിലാണ് നിവേദ പ്രതികരിച്ചത്. 2002 മുതല്‍ താനും കുടുംബവും വാടകയ്ക്കെടുത്ത ഒരു വീട്ടിലാണ് ദുബായില്‍ താമസിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിക്കുന്നതിന് മുമ്പ് ഇതിനെ കുറിച്ച് സംസാരിക്കുന്ന ആളുകള്‍ കുറച്ച് മനുഷ്യത്വം കാണിക്കണമെന്നും നിവേദ എക്‌സില്‍ പങ്കുവച്ച നീണ്ട കുറിപ്പില്‍ വ്യക്തമാക്കി.
നിവേദയുടെ കുറിപ്പ്:
എനിക്ക് വേണ്ടി ആരോ ഉദാരമായി പണം ചെലവഴിക്കുന്നു എന്ന ഒരു വ്യാജവാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇതുവരെ ഞാന്‍ മൗനം പാലിക്കുകയായിരുന്നു, കാരണം ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കുന്നതിന് മുമ്പ് അത് സത്യമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള മനുഷ്യത്വം എല്ലാവരും കാണിക്കുമെന്ന് ഞാന്‍ വിചാരിച്ചുപോയി. അന്തസുള്ള ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. പതിനാറ് വയസു മുതല്‍ സാമ്പത്തികമായി സ്വയംപര്യാപ്തയായ വ്യക്തിയാണ് ഞാന്‍.
എന്റെ കുടുംബം ദുബായിലാണ് താമസിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ തന്നെയാണ്. പണമോ സിനിമയോ നല്‍കി സഹായിക്കണമെന്ന് ഇതുവരെ ഒരു സംവിധായകനോടോ നിര്‍മാതാവിനോടോ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇതുവരെ ഞാന്‍ 20 സിനിമകള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം ഞാന്‍ സ്വപ്രയത്നം കൊണ്ട് കണ്ടെത്തിയതാണ്. പണത്തോടോ സിനിമയോടോ ഇതുവരെ ആര്‍ത്തി കാണിച്ചില്ല.
എന്നെക്കുറിച്ച് പറഞ്ഞുണ്ടാക്കുന്ന കാര്യങ്ങള്‍ സത്യത്തില്‍ നിന്ന് ഏറെ അകലെയാണ്. 2002 മുതല്‍ വാടകയ്ക്കെടുത്ത ഒരു വീട്ടിലാണ് ദുബായില്‍ താമസിക്കുന്നത്. 2013ല്‍ കാര്‍ റേസിങ് എന്റെ വലിയ ആഗ്രഹമായി. ചെന്നൈയില്‍ റേസിങ് സംഘടിപ്പിക്കുന്നതിനെ കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. വളരെ ലളിതമായ ജീവിതമാണ് ഞാന്‍ നയിക്കുന്നത്. ഒരുപാട് പ്രയാസങ്ങള്‍ അതിജീവിച്ച ശേഷമാണ് മാനസികമായും വൈകാരികമായും മികച്ച അവസ്ഥയില്‍ ഇപ്പോള്‍ ഞാന്‍ ജീവിക്കുന്നത്. നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകളെപ്പോലെ വളരെ അന്തസ്സുള്ള സമാധാനപരമായ ജീവിതം നയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
നിയമപരമായി യാതൊരു നടപടിയും ഞാന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം മാധ്യമപ്രവര്‍ത്തനത്തില്‍ അല്‍പ്പം മനുഷ്യത്വം ബാക്കിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ കുറിച്ച് എന്തെങ്കിലും വാര്‍ത്ത കൊടുക്കുന്നുവെങ്കില്‍ എന്റെ കുടുംബത്തിന്റെ മാന്യത തകര്‍ക്കുന്നതിന് മുമ്പ് യാഥാര്‍ഥ്യം എന്തെന്ന് അന്വേഷിക്കണമെന്ന് അപേക്ഷിക്കുന്നു. എന്റെ കുടുംബത്തെ മാനസികാഘാതത്തിലൂടെ കൊണ്ടുപോകരുത്. എന്നോടൊപ്പം നിന്നവര്‍ക്കും എനിക്ക് വേണ്ടി ശബ്ദിച്ചവര്‍ക്കും നന്ദി. സത്യം എന്നും നിലനില്‍ക്കട്ടെ.