വീണ്ടും 'മായാമോഹിനി'യായി ദിലീപ്; ജാക്ക് ഡാനിയലിലെ രസകരമായ രംഗം പുറത്ത്

“മായാമോഹിനി”യില്‍ ദിലീപ് പെണ്‍വേഷത്തിലെത്തിയപ്പോള്‍ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ആ സ്വീകരണം തന്നെയാണ് ദിലീപിന്റെ പുതിയ ചിത്രമായ ജാക്ക് ഡാനിയലിനും ലഭിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ജാക്ക് എന്ന മോഷ്ടാവിന്റെ റോള്‍ ദിലീപ് കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ പെണ്‍വേഷത്തിലും ദിലീപ് എത്തുന്നുണ്ട്. ഇപ്പോഴിതാ ദിലീപ് പെണ്‍വേഷത്തിലെത്തുന്ന ചിത്രത്തിലെ രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ദിലീപും സൈജു കുറിപ്പും ഒന്നിച്ചുള്ള രസകരമായ ഒരു രംഗമാണ് വീഡിയോയില്‍. മികച്ച സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ വീഡിയോ യൂട്യൂബ് ട്രെന്‍ഡിംഗില്‍ പത്താം സ്ഥാനത്തുണ്ട്. ദിലീപിനൊപ്പം തമിഴകത്തിന്റെ ആക്ഷന്‍ ഹീറോ അര്‍ജുനും പ്രധാന വേഷത്തിലെത്തിയ ചിത്രം എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക.

2007ല്‍ റിലീസിനെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ഹ്യൂമറിനും ആക്ഷനും സെന്റിമെന്റ്സിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിത്. ആക്ഷന് പ്രാധാന്യമുള്ള സിനിമയില്‍ പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്.

Read more

എന്‍ജികെ എന്ന സൂര്യ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച ശിവകുമാര്‍ വിജയന്‍ ആണ് ജാക്ക് ഡാനിയലിന്റെ ഛായാഗ്രഹണം. കോടികള്‍ മുടക്കി ഒരുങ്ങുന്ന ചിത്രം തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാനും ഗോപി സുന്ദറും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.