മുരളി ഗോപി തിരക്കഥയെഴുതി ലാൽ ജോസ് സംവിധാനം ചെയ്ത് 2004 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് രസികൻ. ദിലീപ്, സംവൃത സുനിൽ, ജഗതി ശ്രീകുമാർ, മുരളി ഗോപി, സിദ്ധാർഥ് ഭരതൻ എന്നിവരായിരുന്നു സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയത്. സിനിമ സാമ്പത്തിക വിജയം നേടുന്നതിൽ പരാജയപ്പെട്ടിരുന്നു.
ഇപ്പോഴിതാ സിനിമയുടെ തിരക്കഥയിൽ നടന്ന നടൻ ദിലീപിന്റെ ഇടപെടലിനെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകൻ ലാൽ ജോസ്. തിരുവനന്തപുരത്ത് നടക്കുന്ന കഥയായത് കൊണ്ട് തന്നെ. രസികൻ സിനിമയുടെ ഡയലോഗുകൾ എഴുതിയിരുന്നത് തിരുവനന്തപുരം സ്ലാങ്ങിലായിരുന്നെന്നും, പിന്നീട് ദിലീപും നിർമ്മാതാവും ചേർന്നാണ് സ്ലാങ്ങ് മാറ്റിയത് എന്നും ലാൽ ജോസ് പറഞ്ഞു.
കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് ഈ സംഭാഷണങ്ങൾ മനസ്സിലാവുമോ എന്നും, സിനിമ തിരുവനന്തപുരത്ത് മാത്രം ഓടിയാൽ മതിയോ എന്നും ചോദിച്ചു, അങ്ങനെയാണ് പിന്നീട് ന്യൂട്രൽ ഭാഷയിലേക്ക് സംഭാഷണങ്ങൾ മാറ്റിയത് എന്നാണ് ‘സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിൽ ലാൽ ജോസ് പറഞ്ഞത്.
“ രസികൻ തിയേറ്ററിൽ പരാജയപ്പെട്ടു. ഓരോ സിനിമയ്ക്കും ഓരോ വിധിയുണ്ട്, ചില സമയത്ത് ചില നിർഭാഗ്യങ്ങൾ നമ്മളെ പിന്തുടരും. പിന്നീട് അതേ സ്ലാങ്ങിൽ വന്ന രാജമാണിക്യം വമ്പൻ വിജയമായി. അൻവർ റഷീദിന്റെ ആദ്യ സിനിമയായിരുന്നു അത്. അതിലെ സംഭാഷണങ്ങൾക്ക് വളരെയധികം സ്വീകാര്യത ലഭിക്കുകയുണ്ടായി.” ലാൽ ജോസ് പറഞ്ഞു.