'ശുഭരാത്രി'യില്‍ ശക്തമായ സാന്നിദ്ധ്യമാകാന്‍ നാല് സ്ത്രീ കഥാപാത്രങ്ങള്‍

ദിലീപിനെ നായകനാക്കി വ്യാസന്‍ കെ.പി ഒരുക്കുന്ന ശുഭരാത്രി പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. റിലീസിനും മുന്നേ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ചിത്രത്തിന്റെ ടീസറുകള്‍ക്കും ഗാനത്തിനും ട്രെയിലറിനുമൊക്കെ സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ഇതില്‍ ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നത് അനു സിത്താര അടക്കമുള്ള നാല് സ്ത്രീ കഥാപാത്രങ്ങളാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിലും ശ്രദ്ധേയമായി നിറഞ്ഞു നിന്ന ആ നാല് സ്ത്രീകഥാപാത്രങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്.

Image may contain: 2 people, people smiling, people standing and beard

ശ്രീജ (അനു സിത്താര)

ചിത്രത്തിലെ കൃഷ്ണന്‍ എന്ന ദിലീപ് കഥാപാത്രത്തിന്റെ ഭാര്യയാണ് അനു സിത്താരയുടെ ശ്രീജ എന്ന കഥാപാത്രം. പണം പലിശക്ക് കൊടുക്കുന്ന വലിയ ബിസിനസുകാരന്റെ മകളാണ് ശ്രീജ. കൃഷ്ണനുമായി പ്രണയത്തിലാകുന്ന ശ്രീജ വീട് വിട്ട് കൃഷ്ണനോടൊപ്പം ഇറങ്ങി പോവുകയും വിവാഹിതയാവുകയുമാണ്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തിന്റെ ഭാര്യയെന്ന നിലയില്‍ ശക്തമായ സാന്നിദ്ധ്യമായി നില്‍ക്കുന്ന സ്ത്രീകഥാപാത്രമാണ് ശ്രീജ.

Image may contain: 1 person, standing and outdoor

സുഹറ (ആശ ശരത്)

ചെയ്ത കഥാപാത്രങ്ങളെ അതേപോലെ ആവര്‍ത്തിക്കാതെ എന്തെങ്കിലുമൊരു വ്യത്യാസം വേണം എന്നാഗ്രഹിക്കുകയും അത് പിന്തുടരുകയും ചെയ്യുന്ന നടിയാണ് ആശ ശരത്. ശുഭരാത്രിയില്‍ സുഹറ എന്ന കഥാപാത്രത്തെയാണ് ആശ ശരത് അവതരിപ്പിക്കുന്നത്. ഇതൊരു അതിഥി കഥാപാത്രമെങ്കിലും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷമാണ് ആശ ശരത്ത് കൈകാര്യം ചെയ്യുന്നത്.

Image may contain: 1 person, close-up

ഡോക്ടര്‍ ഷീല (ഷീലു എബ്രാഹം)

ചെറിയ വേഷങ്ങളിലൂടെ തന്നെ നടിമാരില്‍ ശക്തമായ സാന്നിദ്ധ്യമായി നില്‍ക്കുന്ന താരമാണ് ഷീലു എബ്രാഹം. ശുഭരാത്രിയില്‍ ഡോക്ടര്‍ ഷീല എന്ന കഥാപാത്രത്തെയാണ് ഷീലു അവതരിപ്പിക്കുന്നത്. ട്രെയിലറില്‍ നിറസാന്നിധ്യമായി ഷീലുവിന്റെ ഡോക്ടര്‍ കഥാപാത്രത്തെ കാണാനാകും. ഡോക്ടര്‍ ഷീല എന്ന കഥാപാത്രം ഷീലുവിന്റെ കരിയറിലെ തന്നെ നിര്‍ണായക വേഷമായിരിക്കുമെന്നാണ് കരുതുന്നത്.

Image may contain: one or more people, people standing and indoor

ഖദീജ (ശാന്തി കൃഷ്ണ)

മലയാള സിനിമയുടെ പ്രിയനടിയായ ശാന്തി കൃഷ്ണ തന്റെ മൂന്നാംവരവിലാണ്. മികച്ച വേഷങ്ങളിലൂടെ പുതിയ പുതിയ ചിത്രങ്ങളുടെ ഭാഗമായി അഭിനയത്തില്‍ വീണ്ടും സജീവമാവുകയാണ് അവര്‍. ശുഭരാത്രിയില്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ് എന്ന കഥാപാത്രത്തിന്റെ ഭാര്യയായ ഖദീജ എന്ന കഥാപാത്രത്തെയാണ് ശാന്തികൃഷ്ണ അവതരിപ്പിക്കുന്നത്. അഭിനയരംഗത്ത് വീണ്ടും സജീവമാകാന്‍ ശ്രമിക്കുന്ന ശാന്തികൃഷ്ണയ്ക്ക് ലഭിച്ച മികച്ചയൊരു വേഷമാകും ശുഭരാത്രിയിലെ ഖദീജ.

കെ പി എ സി ലളിത, സ്വാസിക , തെസ്‌നി ഖാന്‍, ശോഭാ മോഹന്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ നിരൂപക പ്രശംസ നേടിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസന്‍ കെ.പി (വ്യാസന്‍ എടവനക്കാട്) രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജൂലൈ ആറിന് ചിത്രം വേള്‍ഡ് വൈഡായി തിയേറ്ററുകളിലെത്തും.