തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ നിന്നും പത്രോസിന്റെ പടപ്പുകളിലേക്ക്; എഴുത്തുകാരനില്‍ നിന്നും നായകനിലേക്കും- ഡിനോയ് പൗലോസ്

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രവും കഥാപാത്രങ്ങളും ആരും മറക്കാനിടയില്ല. നായകന്റെ ജോലിയും കൂലിയും ഇല്ലാത്ത നിരാശ കാമുകനായ ചേട്ടന്റെ കഥാപാത്രം അന്നേ പ്രേക്ഷകര്‍ മനസ്സില്‍ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. പുതുമുഖമാണെങ്കിലും മികച്ച അഭിനയമായിരുന്നു അയാള്‍ കാഴ്ച വെച്ചിരുന്നത്. പിന്നീടാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് ഈ താരം എന്നെല്ലാരും ശ്രദ്ധിക്കുന്നത്.

ഡിനോയ് പൗലോസ് എന്ന തിരക്കഥാകൃത്തിനെയും നടനെയും മലയാള സിനിമാപ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നതും ‘തണ്ണിമത്തന്‍ ദിനങ്ങളി’ ലൂടെയാണ്. എന്നാല്‍ അതിനു ശേഷം ഒരു ചെറിയ ഇടവേളക്കിപ്പുറം ‘പത്രോസിന്റെ പടപ്പുകള്‍’ എന്ന പുതിയ ചിത്രത്തില്‍ നായക വേഷത്തിലാണ് ഡിനോയ് എത്തുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥയും ഡിനോയ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

2012ല്‍ ഉദയചന്ദ്രന്‍ സംവിധാനം ചെയ്ത ‘ബ്ലാക്ക് ടിക്കറ്റ്’ എന്ന പരീക്ഷണ ചിത്രത്തില്‍ സഹസംവിധായകനായിട്ടാണ് ഡിനോയ് പൗലോസ് സിനിമ ജീവിതം ആരംഭിക്കുന്നത്. അതേ ചിത്രത്തില്‍ തന്നെ അഭിനേതാവായും അരങ്ങേറി. പിന്നീട് ഏകദേശം പത്ത് വര്‍ഷത്തെ പ്രായണത്തിനൊടുവില്‍ 2022ല്‍ സ്വന്തമായി തിരക്കഥ എഴുതി ആദ്യമായി നായകനായി അഭിനയിക്കുന്ന ‘പത്രോസിന്റെ പടപ്പുകള്‍’ എന്ന ചിത്രം ഈ വരുന്ന വെള്ളിയാഴ്ച ദിവസം റീലീസിനാവുകയാണ്.

നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്ലർ ചുരുങ്ങിയ കാലയളവില്‍ തന്നെ ഇരുപത്തിമൂന്ന് ലക്ഷത്തില്‍ അധികം പ്രേക്ഷകര്‍ ആണ് കണ്ടിരിക്കുന്നത്. ഈ ചിത്രത്തിലെ തന്നെ ജേക്‌സ് ബിജോയ് ഈണം നല്‍കി ജാസി ഗിഫ്റ്റിനോടൊപ്പം ആലപിച്ച ‘ഫുള്‍ ഓണ്‍ ആണേ’ എന്ന പാട്ട് റിലീസായി വെറും നാല് ദിവസങ്ങള്‍ തികയും മുമ്പേ തന്നെ പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്.

തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ഡിനോയ് അവതരിപ്പിച്ച ജോയ്സന്‍ എന്ന കഥാപാത്രത്തിന്റെ തമാശ ഡയലോഗുകള്‍ പറഞ്ഞുള്ള കമന്റുകളാണ് പ്രതികരണങ്ങളായി എത്തിയിരിക്കുന്നത്. ഡിനോയ്ക്കായി തന്നെ ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്ന ഒരു വല്യ പ്രേക്ഷക വിഭാഗം കേരളത്തില്‍ ഉണ്ടെന്ന് കാട്ടിത്തരുന്ന തെളിവുകള്‍ ആണ് ഡിനോയുടെ ഈ അടുത്ത ചിത്രത്തിനായിയുള്ള പ്രതീക്ഷകളും ആവേശവും നിറഞ്ഞ ധാരാളം പ്രതികരണങ്ങളും ആ പ്രതികരണങ്ങള്‍ക്ക് പോലും ലഭിക്കുന്ന ജനപിന്തുണയും കാണിച്ച് തരുന്നത്.

‘പത്രോസിന്റെ പടപ്പുകള്‍’ ചിത്രീകരിച്ചിരിക്കുന്ന കൊച്ചിയിലെ വൈപ്പിന്‍ പശ്ചാത്തലം തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഡിനോയിയുടെ സ്വന്തം നാടും. വൈപ്പിനിലെ എടവനക്കാട് എന്ന സ്ഥലത്ത് ചിന്നമ്മ പൗലോസ്, പൗലോസ് ദമ്പതികളുടെ മകനായിയാണ് ഡിനോയ് ജനിച്ചത്. എടവനക്കാട് എച്ച്‌ഐഎച്ച്എസ്എസില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും, ഗവണ്മെന്റ് പോളിടെക്‌നിക് കളമശ്ശേരിയില്‍ നിന്ന് നെറ്റ്വവർക്ക് അഡ്മിനിസ്‌ട്രേഷനില്‍ ഡിപ്ലോമയും എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.കോം ബിരുദവും പൂര്‍ത്തിയാക്കിയതിന് ശേഷം ഏതാനും കാലം ഐറ്റി സപ്പോര്‍ട്ട് എഞ്ചിനീയര്‍ ആയി കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു.

അവിടെ വച്ച് സഹപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഒരു മാനേജര്‍ സുഹൃത്തിന്റെ സഹായത്തോടെ 2012 ല്‍ ബ്ലാക്ക് ടിക്കറ്റ് എന്ന ചലച്ചിത്രത്തില്‍ സഹസംവിധായകനും അഭിനേതാവുമായി സിനിമാജീവിതം ഡിനോയ് ആരംഭിച്ചു.നീണ്ട നിരവധി വര്‍ഷത്തെ പ്രയാണങ്ങള്‍ക്കൊടുവില്‍ കരിയറിലെ ഒരു വലിയ നാഴികക്കലായിരുന്നു അടുത്ത സുഹൃത്ത് കൂടിയായ ഗിരീഷ് എ. ഡി സംവിധാനം ചെയ്ത് ഡിനോയ് തിരക്കഥ എഴുതിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ നേടിയെടുത്ത അത്ഭുതകരമായ മെഗാവിജയം.

ഈ ചിത്രത്തില്‍ മാത്യു തോമസ് അവതരിപ്പിച്ച ‘ജെയ്‌സന്‍’ എന്ന കേന്ദ്രകഥാപാത്രത്തിന്റെ മൂത്ത സഹോദരനായ ‘ജോയ്സന്‍’ എന്ന കഥാപാത്രവും ആ കഥാപാത്രത്തിന്റെ അനിയനുമായും അനിയന്റെ സുഹൃത്തുക്കളുമായും ഒക്കെ ഉള്ള ബന്ധങ്ങളും സംഭാഷണങ്ങളും നര്‍മ മുഹൂര്‍ത്തങ്ങളും ഒക്കെ അതുവരെ പൊതുവെ മലയാളസിനിമയില്‍ കണ്ടിട്ടില്ലാത്ത വിധം അങ്ങേയറ്റം യാഥാര്‍ഥ്യതോട് ചേര്‍ന്ന് നിക്കുന്നതും ഹൃദ്യവുമായി മാറിയ ഇടത്ത് ഒരേ സമയം എഴുത്തുകാരനായും നടനായും ഡിനോയ് പൗലോസ് വന്‍ വിജയം കൈവരിച്ചു.

ബ്‌ളാക്ക് ടിക്കറ്റ് മുതല്‍ തണ്ണീര്‍മത്തന്‍ വരെയുള്ള ഈ അര ദശാബ്ദതിലധികം വരുന്ന കാലയളവില്‍ ഈ.മ.യൗ, പോരാട്ടം, സുവര്‍ണപുരുഷന്‍, ജൂണ്‍ തുടങ്ങിയ ചിത്രങ്ങളിലും ഡിനോയ് അഭിനയിച്ചു. ‘പത്രോസിന്റെ പടപ്പുകള്‍’ക്ക് പുറമെ, കിരണ്‍ ആന്റണി സംവിധാനം നിര്‍വഹിച്ച ‘വിശുദ്ധ മെജോ’ എന്ന ചിത്രമാണ് നായകനായും തിരക്കഥാകൃത്തായും ഡിനോയ് ഭാഗമായി ചിത്രീകരണം കഴിഞ്ഞ് 2022ല്‍ തന്നെ റീലീസ് ചെയ്യാനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം.

‘ഉപ്പും മുളകും’ എന്ന ജനപ്രിയ മെഗാ കോമഡി പരമ്പരയുടെ എഴുത്തുകാരനായ അഫ്സല്‍ അബ്ദുല്‍ ലത്തീഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘പത്രോസിന്റെ പടപ്പുകള്‍’. മരിക്കാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങിയ ഈ ചിത്രം വിതരണം ചെയ്യുന്നത് ഒ. പി. എം ഫിലിംസാണ്. ഡിനോയ് പൗലോസിന് പുറമെ ഷറഫുദ്ധീന്‍, നസ്ലിന്‍, സുരേഷ് കൃഷ്ണ, നന്ദു, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ഒട്ടനവധി പുതുമുഖ നടിനടന്മാരും അഭിനയിച്ചിരിക്കുന്നു.

ജയേഷ് മോഹന്‍ ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പാണ്. എഡിറ്റിംഗ്, ക്രിയേറ്റിവ് ഡയറക്ഷന്‍ – സംഗീത് പ്രതാപ്. കല – ആഷിക്. എസ്, വസ്ത്രലങ്കാരം – ശരണ്യ ജീബു, മേക്കപ്പ് – സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി – അതുല്‍ രാമചന്ദ്രന്‍, സ്റ്റില്‍ – സിബി ചീരന്‍, സൗണ്ട് മിക്സ് – ധനുഷ് നായനാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്, പരസ്യ കല യെല്ലോ ടൂത്ത്, അനദര്‍ റൗണ്ട്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – എം. ആര്‍. പ്രൊഫഷണല്‍. ചിത്രം ഈ വരുന്ന മാര്‍ച്ച് 18ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി