സെൻസർ ബോർഡിൽ നിന്നും ജാതി വിവേചനം നേരിടുന്നുവെന്ന യുവ സംവിധായകൻ അരുൺ രാജിന്റെ തുറന്നുപറച്ചിൽ വലിയ ചർച്ചയായിരുന്നു. തന്റെ സിനിമയായ ‘കുരിശ്’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചതായും. ഇത്തരമൊരു പേര് മാറ്റത്തിന് കാരണം തന്റെ ജാതിയാണെന്നുമാണ് അരുൺ രാജ് പറയുന്നത്. ഇതുമൂലം സിനിമ ആദ്യം ഏറ്റെടുത്ത നിർമ്മാണ കമ്പനി പിന്മാറിയെന്നും ഇപ്പോൾ വിതരണത്തിന് ആളെ കിട്ടുന്നില്ലെന്നും അരുൺ രാജ് പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോഴിതാ സിനിമ ഏറ്റെടുക്കാൻ തയ്യാറായി നിർമ്മാണ കമ്പനി മുന്നോട്ട് വന്നിരിക്കുന്നു. കൊച്ചി ആസ്ഥാനമായുള്ള തന്ത്ര മീഡിയാസ് ആണ് സിനിമയുടെ വിതരണം ഏറ്റെടുത്തത്. നവംബർ 24നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മുപ്പതിന് മുകളിൽ സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
ഇതിന് മുൻപ് സെൻസർ ബോർഡ് നിർദ്ദേശിച്ച കാര്യങ്ങളടക്കം അഞ്ച് മാറ്റങ്ങൾ സിനിമയിൽ നടത്തിയെങ്കിലും ‘എ’ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.
മതപുരോഹിതരുടെ തിന്മക്കെതിരെ എഡ്വിൻ എന്ന ബാലന്റെ പ്രതികരണമാണ് ‘കുരിശ്’ എന്ന സിനിമയുടെ പ്രമേയം. പേരുമാറ്റത്തിൽ ശാഠ്യം പിടിക്കുന്നത് ദലിത് സമുദായാംഗമായതിനാലാണ് എന്നാണ് അരുൺ രാജ് പറയുന്നത്.
മലയാളത്തിൽ ചാപ്പാകുരിശ്, ഈശോ, വിശുദ്ധൻ, കുരിശുയുദ്ധം, ആമേൻ തുടങ്ങിയ സിനിമകൾ പുറത്തുവന്നിട്ടുണ്ട്. അവിടെയൊന്നും ഇല്ലാത്ത വിവാദമാണ് സെൻസർ ബോർഡ് ഉന്നയിക്കുന്നത്. പേരുമാറ്റത്തെ തുടർന്ന് വിതരണക്കാർ പിന്മാറി. ചിത്രത്തിന്‍റെ പ്രമേയവും ഉള്ളടക്കവും നിലനിർത്തി ‘എഡ്വിന്‍റെ നാമം’ എന്ന പേരിൽ സിനിമ തിയറ്ററുകളിലെത്തുമെന്നും സംവിധായകൻ അരുൺ രാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.