തന്റെ കണ്ണീര്‍ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ റെയ്ബാന്‍ വെക്കുന്ന തോമ.. തന്റെ സഹപാഠിയെ കോമ്പസ്സ് കൊണ്ട് കുത്തിയതോര്‍ത്ത് കാലങ്ങള്‍ക്കിപ്പുറവും വിലപിക്കുന്ന തോമ.. മലയാള സിനിമ കണ്ട ഏറ്റവും വലിയ തെമ്മാടിയായ നായക കഥാപാത്രത്തിനപ്പുറം മലയാളിയുടെ ഉപബോധമനസ്സില്‍ നന്മയുള്ള ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ ഭദ്രന്‍ എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്.. സ്ഫടികം റീമാസ്റ്ററിംഗ് പൂര്‍ത്തിയാക്കി തിയേറ്ററുകളില്‍ വീണ്ടും പുനര്‍ജനിക്കാന്‍ പോവുകയാണ്.. മോഹന്‍ലാല്‍-ഭദ്രന്‍ കോംമ്പോയില്‍ പിറന്ന ചിത്രങ്ങള്‍ എല്ലാം സിനിമാപ്രേമികള്‍ക്ക് എന്നും മനസില്‍ ഓര്‍ത്തു വയ്ക്കാന്‍ പാകത്തിലുള്ളതാണ്.. അത് സ്ഫടികം എന്ന സിനിമ മാത്രമല്ല… ഒളിമ്പ്യന്‍ അന്തോണി ആദം, അങ്കിള്‍ ബണ്‍ തുടങ്ങി ഇരുവരും ഒന്നിച്ച മിക്ക സിനിമകളും ഹിറ്റുകള്‍ ആയിരുന്നു.
കരിയറിന്റെ ആദ്യ കാലത്ത് സ്ഥിരമായി വില്ലന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന മോഹന്‍ലാലിന് വ്യത്യസ്ത വേഷം നല്‍കിക്കൊണ്ടായിരുന്നു ഭദ്രന്‍-മോഹന്‍ലാല്‍ കോംമ്പോ ആരംഭിച്ചത്. 1982ല്‍ ഒരുക്കിയ ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’ എന്ന ഭദ്രന്റെ ആദ്യ സിനിമയില്‍ മുന്‍കാല ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തനായ വിനു എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് 1983ല്‍ ‘ചങ്ങാത്തം’, 1986ല്‍ ‘പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്’ എന്നീ ഭദ്രന്‍ സിനിമകളില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നെങ്കിലും ഈ കോംമ്പോ ശ്രദ്ധ നേടുന്നതും ഹിറ്റ് ആവുന്നതും 1991ല്‍ പുറത്തിറങ്ങിയ ‘അങ്കിള്‍ ബണ്‍’ എന്ന സിനിമ മുതല്‍ക്ക് ആണ്. തന്റെ മെയ്ക്ക് ഓവറിലൂടെ മോഹന്‍ലാല്‍ പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമായിരുന്നു അങ്കിള്‍ ബണ്‍. 150 കിലോയുള്ള അങ്കിള്‍ ചാര്‍ളിയുടെ കഥ പറഞ്ഞ ചിത്രത്തില്‍ വാട്ടര്‍ ബാഗ് ഉപയോഗിച്ചായിരുന്നു മോഹന്‍ലാലിന്റെ മേക്കോവര്‍.
പിന്നീട് 1995ല്‍ എത്തിയ സ്ഫടികം ഈ കോംമ്പോയെ സൂപ്പര്‍ ഹിറ്റ് ആക്കി മാറ്റി. ആടുതോമയുടെ കഥ പറഞ്ഞ ചിത്രം, ഭദ്രന്‍ സമ്മാനിച്ച ക്ലാസിക് സിനിമകളില്‍ ഒന്നാണ്. സിനിമയുടെ റീമാസ്റ്ററിംഗ് വേര്‍ഷന്‍ വൈകാതെ തന്നെ തിയേറ്ററുകളിലേക്ക് എത്തിക്കും എന്ന് ഭദ്രന്‍ വ്യക്തമാക്കിയിരുന്നു. ജനുവരിയില്‍ ആയിരിക്കും റിലീസ്. പത്ത് മടങ്ങ് ക്വാളിറ്റിയിലും മികച്ച സാങ്കേതിക മികവിലുമാണ് സിനിമ തിയേറ്ററുകളില്‍ എത്തിക്കുന്നത്.
1999ല്‍ എത്തിയ ഒളിമ്പ്യന്‍ അന്തോണി ആദം പലര്‍ക്കും ഇഷ്ടപ്പെട്ട മറ്റൊരു ഭദ്രന്‍ സിനിമയാണ്. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് ഒളിമ്പ്യന്‍ അന്തോണി ആദം.
എന്നാല്‍ 2005ല്‍ എത്തിയ ‘ഉടയോന്‍’ എന്ന സിനിമ വേണ്ടത്ര ശ്രദ്ധ നേടിയില്ല. മോഹന്‍ലാല്‍-ഭദ്രന്‍ കോംമ്പോയില്‍ എത്തിയ പരാജയ ചിത്രമാണ് ഉടയോന്‍ എന്ന് പറയേണ്ടി വരും. നിരവധി നെഗറ്റീവ് റിവ്യൂകള്‍ ലഭിച്ച സിനിമയാണിത്. മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിനെ വാഴ്ത്തിയെങ്കിലും സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ എത്തി. സ്‌ക്രിപ്റ്റില്‍ അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു മാസ്സ് എന്റെര്‍ടെയ്‌നര്‍ ആക്കി മാറ്റാന്‍ കെല്‍പ്പ് ഉണ്ടായിരുന്ന ഐറ്റമാണ് ചിത്രമെന്നും സിനിമാ നിരൂപകര്‍ പറയുന്നുണ്ട്.
ഉടയോന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത ഭദ്രന്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘ജൂതന്‍’ എന്ന സിനിമ പ്രഖ്യാപിച്ചത്. 2019ല്‍ ആണ് സൗബിന്‍ ഷാഹിറിനെ നായകനാക്കി ഭദ്രന്‍ ജൂതന്‍ പ്രഖ്യാപിക്കുന്നത്. ഈ സിനിമ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ സ്ഫടികത്തിന്റെ റീമാസ്റ്റര്‍ വേര്‍ഷന്‍ ആണ് ഭദ്രന്റെതായി തിയേറ്ററില്‍ എത്താനിരിക്കുന്നത്. ഇതിന് ശേഷം ഭദ്രന്‍-മോഹന്‍ലാല്‍ കോംമ്പോയില്‍ മറ്റൊരു സിനിമ കൂടി ഒരുങ്ങാന്‍ പോവുകയാണ്. പാന്‍ ഇന്ത്യ ചിത്രമായി ഒരു സിനിമ ഒരുക്കാന്‍ ഒരുങ്ങുന്നുണ്ട്, അതില്‍ താടി ഇല്ലാതെയാവും മോഹന്‍ലാല്‍ വേഷമിടുക എന്നാണ് ഭദ്രന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ”മൂന്ന് നാല് സിനിമകളുടെ ആലോചനയിലാണ്. ഒരു സിനിമ മോഹന്‍ലാലിനൊപ്പമാണ്. ബിഗ് ബജറ്റ് സിനിമയാണ്. നിലവിലെ രൂപത്തിലായിരിക്കില്ല എന്തായാലും മോഹന്‍ലാല്‍ ഉണ്ടാവുക. താടിയെടുക്കും. കുറ്റിത്താടിയിലായിരിക്കും ലാല്‍ എത്തുക. നിലവിലെ മോഹന്‍ലാലിനെ കണ്ട് കണ്ട് പ്രേക്ഷകര്‍ക്ക് മടുത്തില്ലേ. നാലുവര്‍ഷം മുന്‍പ് ചര്‍ച്ച തുടങ്ങിയ സിനിമയാണ്. ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും അത്” എന്നാണ് ഭദ്രന്റെ വാക്കുകള്‍.
മലയാളത്തിലെ ലക്ഷണമൊത്ത ക്ലാസ്സിക്ക് മാസ്സ് സിനിമകള്‍ സമ്മാനിച്ച ഭദ്രന്‍ എന്ന സംവിധായകന്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ വ്യത്യസ്തതക്ക് ശ്രമിച്ചിട്ടുള്ളതായി കാണാം. അത്തരമൊരു വ്യത്യസ്ത ഇനി വരുന്ന സിനിമകളിലും കാണാനാവും എന്ന് തന്നെയാണ് പ്രതീക്ഷ.