മമ്മൂട്ടി- ജിയോ ബേബി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ കാതൽ എന്ന ചിത്രത്തിന് ഒടിടി റിലീസിന് പിന്നാലെ നിരവധി പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് കാതലിലെ മാത്യു ദേവസിയെ പ്രേക്ഷകരും നിരൂപകരും നോക്കിക്കാണുന്നത്.
രാജ് ബി ഷെട്ടി, ഹന്‍സല്‍ മെഹ്‍ത, ദിവ്യ ദര്‍ശിനി, ശ്രേയ ധന്വന്തരി, ജി ധനഞ്ജയന്‍, അനൂപ് മേനോൻ തുടങ്ങീ നിരവധി പേരാണ് ചിത്രത്തിന് പ്രശംസകളുമായി എത്തിയത്. ഇപ്പോഴിതാ സംവിധായകനും നടനുമായ ഗൗതം മേനോന്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
കാതലിലെ പ്രധാന വേഷമായ തങ്കൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുധി കോഴിക്കോടിന് വാട്ട്സ് ആപ്പിലാണ് ഗൗതം മേനോന്‍ അഭിനന്ദിച്ച് സന്ദേശമയച്ചത്. “ഹായ് സുധി, സിനിമ ഞാന്‍ കണ്ടു. എനിക്ക് വളരെ ഇഷ്ടമായി. നിങ്ങളും വളരെ നന്നായി ചെയ്തിട്ടുണ്ട്. വളരെ ശക്തവും അതേസമയം സൂക്ഷ്മവുമായ ചിത്രമാണിത്. സിനിമയെനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.” എന്നാണ് ഗൗതം മേനോന്‍ കുറിച്ചത്.
ഗോവയിലെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോൾ ഓമന എന്ന കഥാപാത്രമായാണ് ജ്യോതിക ചിത്രത്തിലെത്തിയത്. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന ഒരൊറ്റ സിനിമകൊണ്ട് ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതനാണ് ജിയോ ബേബി. അത്തരത്തിൽ പ്രമേയത്തിലെ വ്യത്യസ്തകൊണ്ട് ചർച്ചയായ കാതൽ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
മമ്മൂട്ടിയെ കൂടാതെ ജ്യോതികയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. സുധി കോഴിക്കോട്, ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ആദർശ് സുകുമാരൻ പോൾസൺ സക്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണം.