'ജയസൂര്യ എന്ന നടന്‍ ഇനി മുതല്‍ വെള്ളത്തിനു മുമ്പും വെള്ളത്തിനു ശേഷവും എന്നറിയപ്പെടും'

കോവിഡ് പശ്ചാത്തലത്തില്‍ 318 ദിവസങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്ത ആദ്യ മലയാള സിനിമയാണ് “വെള്ളം”. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ വേഷമിട്ടത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്. സംവിധായകന്‍ സാജിദ് യഹിയ എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ജയസൂര്യ എന്ന നടന്‍ ഇനി മുതല്‍ വെള്ളത്തിനു മുമ്പും വെള്ളത്തിനു ശേഷവും എന്നറിയപ്പെടും എന്നാണ് സംവിധായകന്‍ പറയുന്നത്.

സാജിദ് യഹിയയുടെ കുറിപ്പ്:

ഒ.വി വിജയന്റെ ഖസാഖിന്റെ ഇതിഹാസം പുറത്തു വന്നപ്പോള്‍ ചരിത്രം പറഞ്ഞു മലയാള സാഹിത്യം ഇനി മുതല്‍ ഖസാഖിനു മുമ്പും ഖസാഖിനു ശേഷവും എന്നറിയപ്പെടും.. ഒരു പക്ഷെ അങ്ങനൊരു ഉപമ ഒരു സിനിമയുടെ കാര്യത്തില്‍ ഒരു നടന്റെ കാര്യത്തില്‍ തോന്നിയത് ജയേട്ടന്റെ വെള്ളം കണ്ടപ്പോഴാണ്… ഒന്നുറപ്പാണ് ജയസൂര്യ എന്ന നടന്‍ ഇനി മുതല്‍ വെള്ളത്തിനു മുമ്പും വെള്ളത്തിനു ശേഷവും എന്നറിയപ്പെടും തീര്‍ച്ചയാണ്…

പ്രജേഷും സംയുക്തയും സിദ്ധിക്കയും എല്ലാം മികച്ചു നില്‍ക്കുമ്പോഴും ജയസൂര്യ എന്ന നടനെ കൂടുതല്‍ അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു കാരണം… അസാദ്ധ്യമായ അഭിനയപ്രകടനം കൊണ്ടു എന്നും നമ്മെ ഞെട്ടിച്ചിട്ടുള്ള നടനാണ് ജയസൂര്യ. പ്രജേഷിന്റെ തന്നെ ക്യാപ്റ്റന്‍ സത്യന്‍ പുറത്തു വന്നപ്പോഴും അതിന്റെ തീവ്രത നമ്മള്‍ കണ്ടതാണ്. പക്ഷെ അവിടെ നിന്നു പ്രജേഷ് തന്നെ വെള്ളത്തിലേക്കു എത്തുമ്പോള്‍ ജയസൂര്യ എന്ന നടന്റെ മീറ്ററില്‍ വന്ന വ്യത്യാസം അഭിനയത്തില്‍ വന്ന ഒതുക്കം പാടവം എല്ലാം ഒരുതരം സ്വാഭാവിക അഭിനയത്തിന്റെ പരകായ പ്രവേശം എന്നു തന്നെ പറയേണ്ടി വരും.

മുരളി എന്ന റിയല്‍ ലൈഫ് ക്യാരക്ടര്‍ തളിപ്പറമ്പുകാരന്‍ ആല്‍ക്കഹോളിക് കഥാപാത്രമായി ജയസൂര്യ എന്ന നടന്‍ പൊരുത്തപെടുകയല്ല മറിച്ചു തന്നിലേക്ക് മുരളിയെ സന്നിവേശിപ്പിക്കുകയാണ് വെള്ളത്തില്‍… മദ്യപാനത്തിന്റെ വിപത്തും സാമൂഹിക കാഴ്ച്ചപ്പാടും ഒരു വ്യക്തിയുടെ അധഃപധനവും വിജയവും ഇങ്ങനെ മുരളി എന്ന കഥാപാത്രം ജയസൂര്യ എന്ന നടനില്‍ ഒരു വെള്ളപ്പകര്‍ച്ച പോലെ ഒഴുകി നീങ്ങുകയാണ്…

പ്രിയ ജയസൂര്യ നിങ്ങളൊരു വെറും നടനല്ല ഒരിക്കല്‍ കമല്‍ഹാസനെ വിശേഷിപ്പിച്ചത് പോലെ നിങ്ങളൊരു ഭയങ്കരനായ നടന്‍ തന്നെയാണ്…നിങ്ങള്‍ മത്സരിക്കുന്നത് അത്രയും നിങ്ങള്‍ തന്നെ സൃഷ്ടിച്ചു വച്ച സ്വന്തം ബെഞ്ച് മാര്‍ക്കുകളോട് തന്നെയാണ്…..മികച്ച സിനിമ…വളരെ മികച്ച പ്രകടനം. വെള്ളം. മലയാള സിനിമ ഇത്ര വലിയൊരു ഇടവേളയ്ക്കു ശേഷം കോവിഡ് മഹാമാരിയോടുള്ള അതിജീവനം നടത്തി തിരിച്ചെത്തുന്ന ഈ അവസരത്തില്‍ മുരളിയുടെ ജീവിതം കാണേണ്ടതും വെള്ളം പോലെ പകര്‍ത്തിയോഴുക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്… തീര്‍ച്ചയായും തിയേറ്ററില്‍ തന്നെ കാണുക…

Read more