നവാഗതനായ സാം സംവിധാനം ചെയ്യുന്ന “ഓട്ടം” എന്ന സിനിമ മാര്‍ച്ച് എട്ടിന് തിയേറ്ററുകളിലെത്തുകയാണ്. ലാല്‍ ജോസിന്റെ റിയാലിറ്റി ഷോയായിരുന്ന നായികാ നായകനിലെ നന്ദു ആനന്ദ്, റോഷന്‍ ഉല്ലാസ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിറം പിടിപ്പിക്കാത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് ചിത്രത്തിന്റെ സവിശേഷത. കളിമണ്ണ് എന്ന ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് കെ. നാരായണനാണ്. ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ സാം.
ഓട്ടത്തെ കുറിച്ച്…
എന്റെ ആദ്യ ചിത്രമാണ് ഓട്ടം. അവകാശ വാദങ്ങളൊന്നുമില്ല. സാധാരണക്കാരായവരുടെ ജീവിതമാണ് എന്നെ എന്നും സ്വാധീനിച്ചിട്ടുള്ളത്. അവരുടെ സ്വപ്‌നങ്ങള്‍ പ്രതീക്ഷകള്‍… അവ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍… ഇതൊക്കെയാണ് ഓട്ടം എന്ന ഈ സിനിമയിലുള്ളത്.
ആദ്യ സംവിധാന അനുഭവം…
മനസ്സിലുള്ള സിനിമ ചിത്രീകരിയ്ക്കാന്‍ എനിയ്‌ക്കൊപ്പം നിന്നവര്‍ ഒട്ടേറെയാണ്. ആഗ്രഹിച്ച ലൊക്കേഷനുകള്‍ ലഭിച്ചു. അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന പ്രകൃതിയുടെ സാന്നിധ്യവും അനുഗ്രഹമായി. അത് എന്തെന്നു വെച്ചാല്‍ നായക കഥാപാത്രമായ അബിയുടെ വീട്ടിലെ ഒരു സീനില്‍ ചിത്രീകരണ സമയത്ത് കൃത്യമായി അന്തരീക്ഷത്തില്‍ ഉണ്ടായ മിന്നല്‍, ചാച്ചപ്പന്‍ എന്ന കഥാപാത്രത്തിന്റെ വര്‍ക്ക് ഷോപ്പ് ഷൂട്ട് ചെയ്യുമ്പോള്‍ കിട്ടിയ പ്രകൃതിയുടെ ഭാവമാറ്റത്തിന്റെ ചില അപൂര്‍വ്വ വിഷ്വലുകള്‍… ഇവയൊക്കെ എനിക്കു കിട്ടിയ പ്രകൃതിയുടെ സംഭാവനകളായിരുന്നു.
പുതിയ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധികള്‍…
പ്രതിസന്ധി ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും ഉണ്ടാകുമല്ലോ. അതിനെ നമ്മള്‍ എങ്ങനെ അതിജീവിക്കുന്നു എന്നുള്ളതല്ലേ പ്രധാനം. എനിക്കൊപ്പം നില്‍ക്കുന്ന ഒരു നിര്‍മ്മാതാവിനെ കിട്ടി. അത് എനിക്ക് ഏറെ ഗുണപ്രദമായി.
ഓട്ടത്തിനൊപ്പം ഇറങ്ങുന്ന മറ്റു ചിത്രങ്ങള്‍…
ഓട്ടത്തിനൊപ്പം ഇറങ്ങുന്ന എന്റെ സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക പിന്തുണ ഉണ്ടാകണം. ഓട്ടം മുന്നോട്ടു വയ്ക്കുന്നആശയം തന്നെ ജയവും തോല്‍വിയുമല്ല. ഓടുന്നതാണ് പ്രധാന കാര്യം എന്നതാണ്. അതുതന്നെയാണ് ഇക്കാര്യത്തിലും എനി്ക്ക് പറയാനുള്ളത്.
ആരുടെ സംവിധാന ശൈലിയാണ് പിന്തുടരുന്നത്…
ഞാന്‍ പ്രവര്‍ത്തിച്ച എല്ലാ സംവിധായകരുടെയും ചിത്രീകരണ തീതി എന്നെ സ്വാധീനിച്ചിട്ടുണ്ടാകാം. പക്ഷേ, ഞാനെന്റെ മനസ്സിലെ സിനിമയാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ഒരാളുടെ കാഴ്ചപ്പാടല്ലല്ലോ മറ്റൊരാള്‍ക്കുള്ളത്.