ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് നടി വിന്‍സി അലോഷ്യസ്. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി എന്നാണ് വിന്‍സി പരാതി നല്‍കിയത്. ആദ്യം നടന്റെ പേര് പറയാതെ ആയിരുന്നു വിന്‍സി പ്രതികരിച്ചത്. അതിനാല്‍ തന്നെ മറ്റ് സിനിമാ താരങ്ങള്‍ക്കൊപ്പം വിന്‍സിക്ക് പിന്തുണയുമായി ഷൈന്‍ ടോം ചാക്കോയും രംഗത്തെത്തിയിരുന്നു.
”ലഹരി ഉപയോഗിച്ച പ്രധാന നടനില്‍ നിന്നും മോശം അനുഭവമുണ്ടായി, അയാള്‍ സെറ്റിലിരുന്ന് വെള്ള പൊടി തുപ്പി, ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ല, നിലപാട് വ്യക്തമാക്കി നടി വിന്‍സി അലോഷ്യസ്” എന്ന ടൈറ്റിലോടെ എത്തിയ ന്യൂസ് കാര്‍ഡ് പങ്കുവച്ചാണ് ഷൈന്‍ നടിക്ക് പിന്തുണ അറിയിച്ചത്.
നടി ഷൈനിനെതിരെ പരാതി നല്‍കിയതോടെ നടന്റെ ഈ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ചര്‍ച്ചയാവുകയാണ്. ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നടനെതിരെ നിറയുന്നത്. തനിക്കെതിരെ പരാതി എത്തിയിട്ടും നടന്‍ ഈ സ്റ്റോറി ഡിലീറ്റ് ചെയ്തിട്ടില്ല. മാത്രമല്ല ഈ വിഷയത്തില്‍ നടന്‍ പ്രതികരിച്ചിട്ടുമില്ല.
അതേസമയം, പുറത്തിറങ്ങാനിരിക്കുന്ന ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റില്‍ ആയിരുന്നു മോശം പെരുമാറ്റം. ഫിലിം ചേംബറിലും ‘അമ്മ’ സംഘടനയിലും നടി പരാതി നല്‍കിയിട്ടുണ്ട്. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്റ്റേറ്റ് ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിരുന്നു. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ പൊലീസും ശ്രമം ആരംഭിച്ചിരുന്നു.