ദീപാവലി റിലീസ് ബുക്കിംഗില്‍ വന്‍ഇടിവ്; ബോളിവുഡിനെ കാത്ത് വീണ്ടും ദുരന്തം

കഴിഞ്ഞ രണ്ട് വര്‍ഷമായി ബോളിവുഡ് സിനിമാരംഗം വലിയ പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിയ്ക്കു ശേഷം രാജ്യത്തെ പ്രാദേശിക സിനിമാവ്യവസായങ്ങള്‍ വിജയകരമായ തിരിച്ചുവരവ് നടത്തിയെങ്കിലും ബോളിവുഡ് ഇപ്പോഴും അരിഷ്ടതകളില്‍ തുടരുകയാണ്. വന്‍ ഹിറ്റുകളൊന്നും കരസ്ഥമാക്കാന്‍ ഇക്കാലയളവില്‍ ബോളിവുഡിന് കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. സൂപ്പര്‍ താരങ്ങളിടെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തിയെങ്കിലും അവയ്‌ക്കൊന്നും അര്‍ഹിക്കുന്ന ഒരു ബോക്‌സോഫീസ് കളക്ഷന്‍ നേടാനായില്ല.

ഇപ്പോഴിതാ അക്ഷയ് കുമാറിന്റെ രാം സേതുവും അജയ് ദേവ്ഗണിന്റെ താങ്ക് ഗോഡും ദീപാവലിയ്ക്ക് ക്ലാഷ് റിലീസിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇരു ചിത്രങ്ങളും ക്ലാഷ് റിലീസ് ചെയ്യുന്നത് ബുദ്ധിപരമല്ലെന്നും ബോളിവുഡിന് വീണ്ടും കനത്ത പ്രഹരമാകും ഇതെന്നുമാണ് സിനിമാരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

വ്യാഴാഴ്ച്ചയാണ് ഇരുചിത്രങ്ങളുടെയും അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. പക്ഷേ നിരാശ സമ്മാനിക്കുന്ന പ്രതികരണമാണ് ഇരു സിനിമകള്‍ക്കും ഉണ്ടായിരിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ താഴ്ന്ന നിലയിലാണ് ബുക്കിംഗ് റേറ്റുകള്‍. ചിത്രങ്ങളെക്കുറിച്ചുള്ള സോഷ്യല്‍മീഡിയ പ്രതികരണങ്ങളും അത്ര ആവേശകരമല്ല.

പ്രധാന നഗരങ്ങളിലെല്ലാം ഇതു പോലെ മങ്ങിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അക്ഷയ് കുമാര്‍ നായകനായ രാം സേതുവിന് മാത്രം ചില സ്ഥലങ്ങളില്‍ ഒന്നോ രണ്ടോ ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ കാണിക്കുന്നുണ്ടെങ്കിലും മറ്റെല്ലാ ഷോകളും ശൂന്യമാണ്.

Read more

ഈ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇരുസിനിമകളുടെയും ക്ലാഷ് റിലീസ് അടുത്ത പ്രതിസന്ധിയിലേക്ക് ബോളിവുഡിനെ നയിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.