വിവാഹ റിസപ്ഷന്‍ ഡല്‍ഹിയില്‍; അതിഥികളായി പ്രതിരോധ മന്ത്രിയും നേതാക്കളും

ദിയ കൃഷ്ണയുടെയും അശ്വിന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അടക്കമുള്ള പ്രമുഖര്‍. ബിജെപിയിലെ കേന്ദ്ര നേതാക്കള്‍ക്കായി ഡല്‍ഹിയിലാണ് വിവാഹ റിസപ്ഷന്‍ വച്ചിരിക്കുന്നത്. ബിജെപി മീഡിയ റിലേഷന്‍ മാനേജര്‍ നീല്‍കാന്ത് ബക്ഷിയും വിവാഹ റിസപ്ഷനില്‍ നിന്നുള്ള ചിത്രം പങ്കുവച്ചിരുന്നു.

ഡിന്നര്‍ റിസപ്ഷന്‍ അറ്റ് ഡല്‍ഹി എന്ന ക്യാപ്ഷനോടെ ഒരു റീല്‍ വിഡിയോ ദിയ പോസ്റ്റ് ചെയ്തിരുന്നു. ദിയ കൃഷ്ണയുടെ വിവാഹത്തിന് കേന്ദ്ര നേതാക്കള്‍ക്കും കൃഷ്ണകുമാര്‍ ക്ഷണക്കത്ത് നല്‍കിയിരുന്നു. സെപ്റ്റംബര്‍ 5ന് ആയിരുന്നു ദിയയുടെയും അശ്വിന്റെയും വിവാഹം നടന്നത്.

ഭര്‍ത്താവ് അശ്വിന്‍ ഗണേഷ് സോഫ്റ്റ്വെയര്‍ മേഖലയില്‍ തൊഴില്‍ ചെയ്യുന്നു. തിരുവനന്തപുരത്ത് താമസമാക്കിയ തമിഴ് പശ്ചാത്തലം ഉള്ള കുടുംബത്തിലെ അംഗമാണ് അശ്വിന്‍. സൗഹൃദം പ്രണയത്തിലേക്കും പ്രണയം വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു.

അതേസമയം, തങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ വിവാഹിതരായിരുന്നു എന്ന് വ്യക്തമാക്കുന്ന വീഡിയോ ദിയ പങ്കുവച്ചിരുന്നു. ഒരു ക്ഷേത്രത്തില്‍ നിന്നുള്ള രഹസ്യ വിവാഹത്തിന്റെ വീഡിയോയായിരുന്നു ദിയ പങ്കുവച്ചത്. ഞങ്ങളുടെ ചെറിയൊരു സീക്രട്ട് എന്ന് പറഞ്ഞാണ് രഹസ്യ വിവാഹത്തിന്റെ വീഡിയോ ദിയ പുറത്ത് വിട്ടത്.