ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’ ഒമ്പതാമത് അജന്ത- എല്ലോറ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇതിനോടകം നിരവധി അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ഫാമിലി കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മനുഷ്യനും സമൂഹവും പരസ്പരം എങ്ങനെയൊക്കെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും, മനുഷ്യൻ സമൂഹത്തിലും കുടുംബത്തിലും സ്വകാര്യതയിലും എങ്ങനെയൊക്കെയാണ് വ്യതിരിക്തമായിരിക്കുന്നത് എന്നും ഡോൺ പാലത്തറയുടെ ഫാമിലി പറയുന്നു. വിനയ് ഫോര്‍ട്ട്, നില്‍ജ കെ, ദിവ്യ പ്രഭ, മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ശവം, വിത്ത്, 1956 മധ്യ തിരുവിതാംകൂർ, എവരിത്തിങ് ഈസ് സിനിമ, സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നിവയാണ് ഡോൺ പാലത്തറയുടെ മറ്റ് ചിത്രങ്ങൾ.
ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ മഹാരാഷ്‍ട്രയിലെ ഛത്രപതി സംഭാജി നഗറിൽ വെച്ചാണ് അജന്ത- എല്ലോറ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അരങ്ങേറുന്നത്. ഫിപ്രസി (ഇന്റര്‍നാഷണല്‍ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ്ര്) എഫ്എഫ്‍സി (ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഇൻ ഇന്ത്യ), മഹാരാഷ്‍ട്ര സര്‍ക്കാര്‍, നാഷണല്‍ ഫിലിം ഡവലപ്‍മെന്റ് കോര്‍പറേഷൻ ലിമിറ്റഡ്, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ മറാത്തവാഡ ആര്‍ട് കള്‍ച്ചര്‍, ആൻഡ് ഫിലിം ഫൗണ്ടേഷൻ ആണ് മേള സംഘടിപ്പിക്കുന്നത്.
അകി കൌരിസ്മാക്കി സംവിധാനം ചെയ്ത ‘ഫാളൻ ലീവ്സ്(fallen leaves) ആണ് മേളയുടെ ഉദ്ഘാടന ചിത്രം. ജസ്റ്റിൻ ട്രയറ്റ് സംവിധാനം ചെയ്ത, കാൻ ചലച്ചിത്ര മേളയിൽ ഈ വർഷം പാം ഡി ഓർ കരസ്ഥമാക്കിയ ‘അനാട്ടമി ഓഫ് എ ഫാൾ’ (anatomy of a fall) ആണ് സമാപന ചിത്രം. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം ഇന്ത്യ ഫോക്കസ് വിഭാഗത്തിൽ ഇടം നേടിയിട്ടുണ്ട്.