സിനിമ പ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കേരളത്തിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ. നിരവധി ലോക സിനിമകൾ കാണാൻ സാധിക്കും എന്നതും വിഖ്യാത സംവിധായകരെ വരെ അടുത്ത കാണാനും സംവദിക്കാനും അവസരം കിട്ടുമെന്നതു കൊണ്ടും ഇത്തരം ഫിലിം ഫെസ്റ്റിവലുകൾ സിനിമയെ ഗൗരവകരമായി കാണുന്ന പ്രേക്ഷകർക്ക് കിട്ടുന്ന ഒരു വലിയ അവസരം തന്നെയാണ്.
ഇപ്പോഴിതാ ഇരുപത്തിയെട്ടാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐ. എഫ്. എഫ്. കെ) യുടെ മലയാള സിനിമകളുടെ പട്ടിക പുറത്തിറക്കി കേരള ചലച്ചിത്ര അക്കാദമി. പന്ത്രണ്ട് സിനിമകളാണ് മലയാളത്തിൽ നിന്നും തിരഞ്ഞെടുത്തിരിക്കുന്നത്.
അതിൽ തന്നെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഡോൺ പാലത്തറയുടെ ‘ഫാമിലി’യും ഡോ. ഫാസിൽ റസാക്കിന്റെ ‘തടവും’ പ്രദർശിപ്പിക്കും . ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. ആകെ പന്ത്രണ്ട് സിനിമകളാണ് ഫെസ്റ്റിവലിന് തിരഞ്ഞെടുത്തിരിക്കുന്നത്.
എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയാണ് മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റു സിനിമകൾ. ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെ തിരുവനന്തപുരത്ത് വെച്ചാണ് ഇരുപതിയെട്ടാമത് ഐ. എഫ്. എഫ്. കെ അരങ്ങേറുന്നത്