അല്ലു അര്‍ജുന്‍ വിവാദത്തില്‍ പ്രതികരിക്കേണ്ട; നേതാക്കള്‍ക്ക് നിര്‍ദേശം നൽകി തെലങ്കാന കോണ്‍ഗ്രസ്

നടൻ അല്ലു അര്‍ജുന്‍ വിവാദത്തില്‍ പ്രതികരിക്കേണ്ടെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നൽകി തെലങ്കാന കോണ്‍ഗ്രസ്. കേസ് കോടതിയില്‍ ആണെന്നും ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുപരിപാടികളിലോ മാധ്യമങ്ങളിലോ പ്രതികരിക്കരുതെന്നുമാണ് പാര്‍ട്ടിക്കുള്ളില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇക്കഴിഞ്ഞ ദിവസമാണ് പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ അല്ലു അര്‍ജ്ജുന്‍ എത്തിയ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത്.

സിനിമാ വ്യവസായവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ‘അനാവശ്യസംഘര്‍ഷം’ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ നീക്കമെന്നാണ് സൂചന. തെലുങ്കു സിനിമ വ്യവസായം, പുഷ്പ 2, അല്ലു അര്‍ജുന്‍, മറ്റു താരങ്ങള്‍ എന്നിവരെക്കുറിച്ച് ആരോപണങ്ങളോ വിമര്‍ശനമോ വിവാദ പരാമര്‍ശങ്ങളോ നടക്കരുതെന്നാണ് കോണ്‍ഗ്രസ് തെലങ്കാന സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയത്. പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ നേതാക്കള്‍ വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശമുണ്ട്.

‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആരാധികയായ യുവതി മരിച്ചത്. പുഷ്പ 2 പ്രീമിയര്‍ ഷോ കാണാന്‍ സന്ധ്യ തിയറ്ററില്‍ കുടുംബത്തോടൊപ്പം എത്തിയ രേവതി എന്ന യുവതിയാണ് തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രേവതിയുടെ മകന്‍ ശ്രീതേജ് മസ്തിഷ്ക മരണം സംഭവിച്ച് നിലവിൽ ചികത്സയിലാണ്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാന്‍ അല്ലു അര്‍ജുനും തിയറ്ററില്‍ എത്തിയിരുന്നു. അല്ലു അർജുൻ എത്തിയത് അറിഞ്ഞ് ആരാധകര്‍ തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണമായത്.