ഡോ. ബിജു സംവിധാനം ചെയ്ത ‘അദൃശ്യജാലകങ്ങൾ’ ഇരുപത്തിയേഴാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിച്ചു. ഇതോടുകൂടി ഫിലിം ഫെസ്റ്റിവലിന്റെ ഔദ്യോഗിക മത്സര വിഭാഗത്തില്‍ വേള്‍ഡ് പ്രീമിയര്‍ നടത്തിയ ആദ്യ മലയാള ചിത്രമായി ‘അദൃശ്യ ജലകങ്ങള്‍’ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഡോ. ബിജുവിന്റെ പതിനാലാമത് ഫീച്ചർ ഫിലിം കൂടിയാണ് അദൃശ്യജാലകങ്ങൾ.
യുദ്ധം മനുഷ്യരെ എങ്ങനെയൊക്കെ നിസ്സഹായരാക്കുന്നു എന്നതാണ് സിനിമ കൈകാര്യം ചെയ്യുന്ന മുഖ്യ പ്രമേയം. ആഖ്യാനമികവ് കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് മേളയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ടൊവിനോ തോമസ് ആണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരിക്കുന്നത്. കൂടാതെ നിമിഷ സജയനും ഇന്ദ്രൻസും ചിത്രത്തിൽ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മേളയിലേക്ക് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും അദൃശ്യജാലകങ്ങളാണ്. സംവിധായകന്‍ ഡോ. ബിജു, നിര്‍മാതാവ് രാധികാ ലാവു, ടോവിനോ തോമസ് എന്നിവര്‍ എസ്‌തോണിയയില്‍ നടന്ന വേള്‍ഡ് പ്രീമിയറില്‍ പങ്കെടുത്തിരുന്നു.
മൂന്ന് തവണ ഗ്രാമി അവാർഡ് സ്വന്തമാക്കിയ റിക്കി കേജ് ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. സംസ്ഥാന പുരസ്കാര ജേതാവ് അജയന്‍ അടാട്ട് ആണ് ചിത്രത്തിന് വേണ്ടി സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. അന്തരിച്ച വിഖ്യാത ഛായാഗ്രാഹകൻ എം. ജെ രാധാകൃഷ്ണന്റെ മകൻ യദു രാധാകൃഷ്ണനാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്.
എല്ലനാര്‍ ഫിലിംസിന്റെ ബാനറിൽ രാധികാ ലാവുവും മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീന്‍ യേര്‍നേനി, വൈ രവിശങ്കര്‍ എന്നിവരും ടോവിനോ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ ടൊവിനോ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.