ഐഎഫ്എഫ്കെയിലേക്ക് ഇനിമുതൽ സിനിമകൾ അയക്കില്ലെന്ന് ഡോ. ബിജുകുമാർ ദാമോദരൻ പറഞ്ഞിരുന്നു. ഐ എഫ്. എഫ് കെ യിൽ ന്യൂ മലയാളം സിനിമയിൽ നിന്നും പുറന്തള്ളുകയും പിന്നീട് അതെ സിനിമ ലോകത്തിലെ മറ്റു പ്രധാന ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെടുമ്പോൾ ഐ എഫ് എഫ് കെ യിൽ ഫെസ്റ്റിവൽ കലൈഡോസ്കോപ് വിഭാഗത്തിൽ സ്വാഭാവികമായും പ്രദർശിപ്പിക്കാൻ അക്കാദമി നിർബന്ധിതമാവുകയും ചെയ്യുക എന്നതാണ് കഴിഞ്ഞ കുറെ നാളുകൾ ആയി നടന്നു കൊണ്ടിരിക്കുന്നത് .അതുകൊണ്ട് തന്നെ ഈ വർഷം മുതൽ ഫെസ്റ്റിവൽ കലൈഡോസ്കോപ് ഉൾപ്പെടെ ഒരു വിഭാഗത്തിലും ഐ എഫ് എഫ് കെ യിലേക്ക് സിനിമ പ്രദർശിപ്പിക്കാൻ താല്പര്യപ്പെടുന്നില്ല എന്നായിരുന്നു ഡോ. ബിജു പറഞ്ഞിരുന്നത്.
എന്നാൽ ഇപ്പോഴിതാ തീരുമാനത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് സംവിധായകൻ ഡോ. ബിജു. ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തിയ അദൃശ്യജാലകങ്ങൾ എന്ന സിനിമ താലിൻ ബ്ളാക്ക് നൈറ്റ്സ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.
അതിനാൽ തന്നെ മേളയുടെ കലൈഡോസ്‌കോപ് വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവാദം നൽകണമെന്ന് ചലച്ചിത്ര അക്കാദമി ഭാരവാഹികൾ ഡോ. ബിജുവിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇതിന്റെ ഭാഗമായി നടന്ന ചർച്ചയിൽ ഡോ. ബിജു മുന്നോട്ട് വെച്ച നിർദ്ദേശങ്ങളും മറ്റും അംഗീകരിച്ചാൽ സിനിമ പ്രദർശിപ്പിക്കാൻ അനുവാദം തരാം എന്നാണ് ഡോ. ബിജു തന്റെ ഫേയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
അടുത്ത വർഷം മുതൽ ഐ എഫ് എഫ് കെ യിൽ തിരഞ്ഞെടുക്കുന്ന മലയാള സിനിമകൾക്ക് കേരള പ്രീമിയർ നിർബന്ധമാക്കുക, സ്റ്റേറ്റ് അവാർഡ് ഐ എഫ് എഫ് കെ സെലക്ഷൻ ജൂറി എന്നിവരെ തിരഞ്ഞെടുക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുക എന്നീ രണ്ട് കാര്യങ്ങളാണ് ഡോ. ബിജു ഉന്നയിച്ചത്
ഡോ. ബിജുവിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്:
കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയും ആയി ബന്ധപ്പെട്ട ചില വിഷയങ്ങളിന്മേൽ ഉള്ള പ്രതിഷേധം എന്ന നിലയിൽ ഐ എഫ് എഫ് കെ യിൽ പ്രദർശനത്തിനായി ഇനി സിനിമകൾ നൽകുന്നില്ല എന്ന നിലപാട് സ്വീകരിച്ചിരുന്നു. തുടർന്ന് ആ വിഷയവുമായി ബന്ധപ്പെട്ടു സാംസ്കാരിക വകുപ്പ് മന്ത്രി ഒരു ചർച്ചയ്ക്ക് വിളിക്കുകയും ഉന്നയിച്ച വിഷയങ്ങളിൽ ഇടപെടലുകൾ ഉണ്ടാകും എന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്ന വിവരം മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. അതുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി അറിയിക്കുകയാണ്.
FIAPF അംഗീകാരമുള്ള ലോക ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യൻ സിനിമകൾ ഐ എഫ് എഫ് കെ യിൽ ഫെസ്റ്റിവൽ കലൈഡോസ്‌കോപ് എന്ന വിഭാഗത്തിൽ സ്വാഭാവികമായി ഉൾപ്പെടുത്തേണ്ടതുണ്ട്. ഈ വർഷം FIAPF ന്റെ A കാറ്റഗറി മേളകളിൽ ഏതെങ്കിലും ഒന്നിൽ തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു മലയാളം സിനിമയേ ഉള്ളൂ. “അദൃശ്യ ജാലകങ്ങൾ”, താലിൻ ബ്ളാക്ക് നൈറ്റ്സ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിൽ. അതുകൊണ്ടു തന്നെ ഐ എഫ് എഫ് കെ യുടെ ഫെസ്റ്റിവൽ കലൈഡോസ്കോപ് വിഭാഗത്തിൽ സ്വാഭാവികമായും അദൃശ്യ ജാലകങ്ങൾ പ്രദർശനത്തിനായി ഉൾപ്പെടുത്തേണ്ടതാണ്. ഐ എഫ് എഫ് കെ യിൽ ഈ വിഭാഗത്തിൽ സിനിമ പ്രദർശിപ്പിക്കാനായി അനുമതി നൽകണം എന്നാവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ, സെക്രട്ടറി, എന്നിവരുടെ ഒരു ഇമെയിൽ കുറച്ചു ദിവസം മുൻപ് എനിക്ക് ലഭിക്കുക ഉണ്ടായി. തുടർന്ന് അക്കാദമി സെക്രട്ടറി ഫോണിൽ വിളിച്ചു ഈ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. അതിനു മറുപടിയായി ഞാൻ അറിയിച്ചത്, ഐ എഫ് എഫ് കെ യുമായി ബന്ധപ്പെട്ടു സാംസ്കാരിക മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ചിരുന്ന രണ്ടു ആവശ്യങ്ങളിൽ അക്കാദമിയുടെ നിലപാട് അറിഞ്ഞാൽ മാത്രമേ സിനിമ പ്രദർശനത്തിനായി നൽകുന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ സാധിക്കൂ എന്നാണു. അടുത്ത വർഷം മുതൽ ഐ എഫ് എഫ് കെ യിൽ തിരഞ്ഞെടുക്കുന്ന മലയാള സിനിമകൾക്ക് കേരള പ്രീമിയർ നിർബന്ധമാക്കുക, സ്റ്റേറ്റ് അവാർഡ് ഐ എഫ് എഫ് കെ സെലക്ഷൻ ജൂറി എന്നിവരെ തിരഞ്ഞെടുക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുക. ഈ രണ്ടു ആവശ്യങ്ങളിൽ അക്കാദമിയുടെ നിലപാട് അറിയിക്കണം എന്നാണു ഞാൻ ആവശ്യപ്പെട്ടത്.
അതിനു മറുപടി ആയി അക്കാദമി അറിയിച്ചത് സാംസ്കാരിക വകുപ്പ് മന്ത്രിയുമായി ഞാൻ മുൻപ് നടത്തിയ കൂടിക്കാഴ്ചയിൽ ഉന്നയിച്ച ഈ വിഷയങ്ങളിൽ തീർച്ചയായും അനുഭാവപൂർവ്വമായ ചർച്ചകൾ നടത്താം എന്നും ആയതിനാൽ മുൻനിര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച സിനിമയ്ക്ക് ഐ എഫ് എഫ് കെ നൽകുന്ന ആദരവും അംഗീകാരമായും പരിഗണിച്ചു് കലൈഡോസ്‌കോപ് വിഭാഗത്തിൽ ഈ സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകണം എന്നുമാണ്. തുടർന്ന് സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസുമായി സംസാരിക്കുകയും ഐ എഫ് എഫ് എഫ് കെ യുമായി ബന്ധപ്പെട്ട് ഉന്നയിച്ച രണ്ടു വിഷയങ്ങൾ ഉൾപ്പെടെ കാലാനുസൃതമായ മാറ്റങ്ങൾ നടപ്പിലാക്കുന്നതിനായി ചർച്ചയും നടപടികളും തീർച്ചയായും സ്വീകരിക്കാം എന്ന് ഉറപ്പു ലഭിക്കുകയും ചെയ്തു. നവ കേരള സദസ്സുമായി ബന്ധപ്പെട്ട തിരക്കുകൾ കഴിഞ്ഞാലുടൻ സാംസ്കാരിക വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ ചർച്ചയ്ക്കായുള്ള നിർദേശങ്ങൾ നൽകും എന്നാണ് മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചത്. തുടർന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറിയും ഫോണിൽ ബന്ധപ്പെട്ട് ഈ കാര്യങ്ങളിന്മേൽ ചർച്ചയും നടപടിയും ഉണ്ടാകും എന്ന് ഒന്നുകൂടി ഉറപ്പിച്ചു പറയുകയും ചെയ്തു.
മുന്നോട്ട് വെക്കുന്ന വിമർശനങ്ങളും പ്രതിഷേധങ്ങളും ഒക്കെ എപ്പോഴും പൊതു വിഷയങ്ങൾ മുൻ നിർത്തി ഉള്ള ക്രിയാത്മകമായ തിരുത്തലുകൾക്ക് വേണ്ടിയാണ്.
ഐ എഫ് എഫ് കെ ലോകത്തെ പ്രധാന മേളകളോടൊപ്പം എത്തണം എന്ന കാഴ്ചപ്പാടോടെ ആണ് വിവിധ വിഷയങ്ങളിൽ അക്കാദമിയെ എത്രയോ കാലങ്ങളായി ശക്തമായി വിമർശിച്ചു പോരുന്നത്. കേവലം വിമർശനങ്ങൾ മാത്രമല്ല ക്രിയാത്മകമായ നിർദേശങ്ങളും മുന്നോട്ട് വെക്കാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.
മലയാള സിനിമകൾക്ക് ഐ എഫ് എഫ് കെ യിൽ കേരളാ പ്രീമിയർ ഏർപ്പെടുത്തുക , സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി, ഐ എഫ് എഫ് കെ സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ അടുത്ത വർഷം മുതൽ നടപ്പിലാക്കാൻ വേണ്ടുന്ന ചർച്ചകൾക്ക് തുടക്കം കുറിക്കും എന്ന സാംസ്കാരിക വകുപ്പിന്റെയും അക്കാദമിയുടെയും ഉറപ്പിനെ ബഹുമാനിച്ചു കൊണ്ട് അദൃശ്യ ജാലകങ്ങൾ ഐ എഫ് എഫ് കെ യിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകുകയാണ്. ഈ ആവശ്യങ്ങൾ അടുത്ത വർഷം നടപ്പിലാക്കാൻ ഇതൊരു സാധ്യത ആകും എന്ന് വിശ്വസിക്കുന്നു. അക്കാദമിയിലെ ജനറൽ കൗൺസിൽ അംഗങ്ങൾ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരിൽ ഒട്ടേറെ സ്വതന്ത്ര സിനിമാ പ്രവർത്തകർ ഉണ്ട് . അവരുടെ കൂടി സജീവമായ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകണം എന്ന് കൂടി അഭ്യർത്ഥിക്കുന്നു.