“ദൃശ്യം 2″വിന്റെ ഹിന്ദി റീമേക്ക് നിയമക്കുരുക്കില്‍. കഴിഞ്ഞ ദിവസമാണ് ഹിന്ദി റീമേക്ക് ഒരുക്കുന്ന വിവരം പ്രഖ്യാപിച്ച് പനോരമ സ്റ്റുഡിയോസ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദൃശ്യം ഒന്നാം ഭാഗത്തിന്റെ നിര്‍മ്മാണ പങ്കാളിയായ വിയാകോം 18.
എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്നും പനോരമ സ്റ്റുഡിയോസിന് ചിത്രം ഒറ്റയ്ക്ക് നിര്‍മ്മിക്കാന്‍ അവകാശം ഇല്ലെന്നാണ് വിയാകോം പറയുന്നത്. പനോരമ സ്റ്റുഡിയോസിന്റെ കുമാര്‍ മങ്കതുമായി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ മതിയായ തീരുമാനത്തില്‍ എത്താത്തതിനാല്‍ വിയാകോം കേസുമായി മുന്നോട്ടു പോവുകയാണ്.
എന്നാല്‍ ചിത്രത്തിന്റെ പകര്‍പ്പവകാശം ആധികാരികമായി തനിക്ക് ആണെന്നും ചിത്രം നിര്‍മ്മിക്കാന്‍ പോകുന്ന തീരുമാനത്തില്‍ നിന്നും മാറ്റമില്ല എന്നാണ് മങ്കത്തിന്റെ വാദങ്ങള്‍. ദൃശ്യം ആദ്യ ഭാഗം ഹിന്ദിയില്‍ ഹിറ്റായിരുന്നു. അജയ് ദേവ്ഗണ്‍ നായകനായ ചിത്രത്തില്‍ ശ്രിയ ശരണ്‍, തബു എന്നിവരാണ് മുഖ്യവേഷത്തില്‍ എത്തിയത്.
ചിത്രം നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. അന്തരിച്ച സംവിധായകന്‍ നിഷികാന്ത് കമ്മത്ത് ആണ് ചിത്രം ഒരുക്കിയത്. ഫെബ്രുവരി 19ന് ആണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്.