'ദൃശ്യ'ത്തിന് പുതിയ ഒരു റെക്കോഡ്; സന്തോഷം പങ്കുവെച്ച് ആന്റണി പെരുമ്പാവൂര്‍

ഇന്‍ഡോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ദൃശ്യം’. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ജക്കാര്‍ത്തയിലെ പി.ടി. ഫാല്‍ക്കണ്‍ എന്ന കമ്പനിയാണ് ഇന്ത്യോനേഷ്യയില്‍ അവതരിപ്പിക്കുന്നത്. ഇതിനോടകം 4 ഇന്ത്യന്‍ ഭാഷകളിലും 2 വിദേശ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്.

കൂടാതെ, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും ദൃശ്യമാണ്. ജീത്തു ജോസഫിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു ദൃശ്യം. ഏകദേശം നാലര കോടി ബജറ്റ് ആയ ചിത്രം ആഗോള കളക്ഷനില്‍ വാരിയത് 75 കോടിക്ക് മുകളില്‍ രൂപയാണ്. 2013ല്‍ ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വര്‍ഷം ആദ്യം എത്തി.

ത്രില്ലര്‍ ആയി എത്തിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. സിനിമ ഇന്‍ഡോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന വിവരം നിര്‍മ്മാതാവ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍, അന്‍സിബ, ആശ ശരത്ത്, സിദ്ദിഖ് എന്നിവരാണ് ദൃശ്യത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

കോവിഡ് വ്യപനത്തിന്റെ പശ്ചാത്തലത്തില്‍ ആമസോണ്‍ പ്രൈമിലാണ് ദൃശ്യം 2 റിലീസ് ചെയ്തത്. പെബ്രുവരി 19ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ടാം ഭാഗത്തില്‍ അഞ്ജലി നായര്‍, മുരളി ഗോപി, സുമേഷ് ചന്ദ്രന്‍, കെ.ബി ഗണേഷ് കുമാര്‍, സായ് കുമാര്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ വേഷമിട്ടിരുന്നു.

Read more