പ്രിയപ്പെട്ടവർക്കെല്ലാം ജന്മദിനാശംസകൾ നേരുന്നതിലും അവരോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിലും എന്നും മുൻപിലാണ് ദുൽഖർ സൽമാൻ. ഇപ്പോൾ തന്റെ പ്രിയ പത്നിയുടെ ജന്മദിനത്തിന് ആശംസകൾ നേർന്നുകൊണ്ട് ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് താരം.
അമാലിനുള്ള ദുൽഖറിന്റെ ജന്മദിനാശംസ ഇങ്ങനെയാണ്, “ആം, മമ്മാ!” ഞങ്ങളുടെ വീട്ടിലെ ഏറ്റവും സാധാരണമായ രണ്ട് ശബ്ദങ്ങൾ. നിങ്ങളെത്ര ക്ഷീണിതയാണെങ്കിലും എല്ലായ്‌പ്പോഴും ഞങ്ങൾക്കായി ഊർജം കണ്ടെത്തുന്നു. ഒരു ഡസനോളം പിറന്നാളുകൾ നമ്മളൊന്നിച്ച് ആഘോഷിച്ചു. നീ അനുദിനം വളരുന്നത് ഞാൻ കാണുന്നു, പക്ഷേ നീ ആരാണെന്നത് ഒരിക്കലും മാറുന്നില്ല. ജീവിതത്തിൽ അനായാസമായി നിരവധി വേഷങ്ങൾ ചെയ്യുന്നു.
ശാന്തതയും ശക്തിയും വളർത്താനുള്ള നിന്റെ സഹജമായ കഴിവാണ് നിരവധി ആളുകളെ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. എപ്പോഴും നീയായിരിക്കുന്നതിന് നന്ദി. നിനക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു ആം! ഞാൻ നിന്നെ ഒരുപാട് കാലമായി സ്നേഹിക്കുന്നു!”
2011 ഡിസംബർ 22 ആയിരുന്നു ചെന്നൈ സ്വദേശിയായ അമാലുമായുള്ള ദുൽഖറിന്റെ വിവാഹം. സ്കൂളിൽ തന്റെ ജൂനിയറായിരുന്ന അമാലുമായി ഉപരി പഠനത്തിന് ശേഷമാണ് അപ്രതീക്ഷിതമായി ദുൽഖർ കൂടുതൽ സൗഹൃദത്തിലാവുന്നതും, അത് വിവാഹത്തിലേക്ക് എത്തിയതെന്നും ബബ്ൾ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം ഒരിക്കൽ പറഞ്ഞിരുന്നു.