ദുല്‍ഖറിനോട് കരിയറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍, ശോഭിതയോട് കെയറിംഗിനെ കുറിച്ച്; തനിക്ക് അതിന്റെ ആവശ്യമില്ലെന്ന് അവതാരകനോട് നടി

പലപ്പോഴും സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളോട് അഭിമുഖത്തില്‍ ചോദിക്കുന്ന ചില ക്ലിഷേ ചോദ്യങ്ങളുണ്ട് . അടുക്കളയും, കുടുംബവുമായും ബന്ധപ്പെട്ട ചില സവിശേഷ ചോദ്യങ്ങള്‍. എന്നാല്‍ പുരുഷന്മാര്‍ പലപ്പോഴും ഇത്തരം ചോദ്യങ്ങളില്‍ നിന്ന് മുക്തരായിരിക്കും. അടുത്തിടെ ഇത്തരത്തിലുള്ള ചില അഭിമുഖങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ കുറുപ്പ് സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ഇതു പോലെയുള്ള ഒരു ചോദ്യത്തിന് തക്ക മറുപടി പറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ നായിക ശോഭിത ധൂളിപാല. മലയാളത്തിന്റെ യുവതാരങ്ങളായ നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനുമൊപ്പം അഭിനയിച്ച ശോഭിതയോട് രണ്ട് പേരിലും ആരാണ് കൂടുതല്‍ കെയറിംഗ്, ആരാണ് കൂടുതല്‍ ഫ്രണ്ട്‌ലി എന്നായിരുന്നു അവതാരകന്റെ ചോദ്യം.

ആശ്ചര്യത്തോടെ ഈ ചോദ്യത്തിന് മറുപടി പറഞ്ഞ ശോഭിത തനിക്കാരുടെയും കെയറിംഗ് ആവശ്യമില്ലെന്നാണ് പ്രതികരിച്ചത്. ‘കെയറിംങ്… എനിക്ക് കെയറിംഗിന്റെ ആവശ്യമില്ല. എന്റെ ഒപ്പം അഭിനയിക്കുന്നവര്‍ കെയര്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല’. ദുല്‍ഖര്‍ നല്ലൊരു സുഹൃത്താണ്, ശോഭിത പറഞ്ഞു.

Read more

ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വെറുതേ പോയി വാങ്ങി വല്ല ആവശ്യവുമുണ്ടായിരുന്നോ എന്നാണ് അവതാരകനോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.