മികച്ച അഭിപ്രായങ്ങളുമായി മുന്‍നിര സംവിധായകര്‍; ലല്ലുവും ചാവേറുകളും രണ്ടാംവാരത്തിലേക്ക്

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ രണ്ടാം വാരത്തിലേക്ക്. ചിത്രത്തെ പ്രശംസിച്ച് മുന്‍നിര സംവിധായകരടക്കം നിരവധി പേരാണ് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള ദുല്‍ഖറിന്റെ വരവ് മോശമായില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

വളരെ രസമുള്ള, ഫാമിലിയൊത്ത് കണ്ട് രസിക്കാന്‍ പറ്റിയ ഒരു സിനിമയെന്നാണ് സംവിധായകരായ സിദ്ധിഖും ഷാഫിയും യമണ്ടന് നല്‍കിയ വിശേഷണം. ദുല്‍ഖറിന്റെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ലല്ലു എന്നാണ് സംവിധായകന്‍ റാഫി പറഞ്ഞത്. ലല്ലു എന്ന തനിനാടന്‍ കഥാപാത്രമായി ദുല്‍ഖര്‍ എത്തുന്ന ചിത്രം നവാഗതനായ ബി സി നൗഫലാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമാണ്.

https://www.facebook.com/vishnuunnikrishnan.onair/photos/a.770355476423742/2019912404801370/?type=3&theater

സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ നായിക വേഷങ്ങളില്‍ എത്തുന്നത്. സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍, രഞ്ജി പണിക്കര്‍ എന്നിവരും അഭിനയിക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാദിര്‍ഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിനു വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പി സുകുമാറാണ്.