നടി അദിഥി റാവു ഹൈദരിയുടെ ജന്മദിനത്തില്‍ താരത്തിന്റെ അപൂര്‍വ്വ ചിത്രങ്ങള്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍. “ഹേയ് സിനാമിക” എന്ന ചിത്രത്തിന്റെ സെറ്റിലെ ചിത്രങ്ങളാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. കരഞ്ഞു കൊണ്ടിരിക്കുന്ന അദിഥിക്കൊപ്പമുള്ള സെല്‍ഫികളാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്.
അദിഥി കരയുന്നതിന് പിന്നിലെ കാരണവും ദുല്‍ഖര്‍ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. തമിഴ് ചിത്രമായതിനാല്‍ ചില ഡയലോഗുകള്‍ അദിഥിയെ ബുദ്ധിമുട്ടിക്കുന്നു എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. 34-ാം ജന്മദിനമാണ് ഇന്നലെ ആഘോഷിച്ചത്.
തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത നൃത്ത കൊറിയോഗ്രാഫര്‍ ആയ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഹേയ് സിനാമിക. നടി കാജല്‍ അഗര്‍വാളും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.
പ്രണയകഥയാണ് ചിത്രം പറയുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലും, തമിഴിലും ചിത്രം റിലീസ് ചെയ്യും. പ്രീത ജയറാമന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് മലയാളി കൂടിയായ ഗോവിന്ദ് വസന്തയാണ്. റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മ്മാണം.