പൃഥ്വിരാജ് സുകുമാരനെ നായകനാക്കി നവാഗതനായ ജയന്‍ നമ്പ്യാര്‍ ഒരുക്കുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ഒക്ടോബര്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിച്ച ഈ സിനിമയുടെ പുതിയ ഷെഡ്യൂള്‍ കുറച്ചു ദിവസം മുന്‍പാണ് തുടങ്ങിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ലൊക്കേഷനിന്നും മടങ്ങിയ ജീപ്പിന് നേരെ നടന്ന കാട്ടാനയാക്രമണത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. മറയൂരിലെ ലൊക്കേഷനില്‍ നിന്ന് തമിഴ് നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പിന് നേരെയാണ് ഇന്നലെ രാവിലെ ആറരയോടെ കാട്ടാനയുടെ ആക്രമണമുണ്ടായത്.
ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോട ഭാഗത്ത് വെച്ചാണ് കാട്ടാന ജീപ്പ് കുത്തിമറിച്ച് കൊക്കയിലേക്കിട്ടത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പറയുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു എന്നും, ജീപ്പിന്റെ ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റോഡിന്റെ നടുവില്‍ ആന നില്‍ക്കുന്നത് ഡ്രൈവര്‍ കാണുകയും അയാള്‍ വണ്ടി നിര്‍ത്തുകയും ചെയ്‌തെങ്കിലും, ആന പാഞ്ഞടുത്ത് വന്ന് വണ്ടിയെ ആക്രമിക്കുകയായിരുന്നു എന്നാണ് ഡ്രൈവര്‍ പറയുന്നത്. ആന വരുന്നത് കണ്ട് ജീപ്പില്‍ നിന്ന് ഇറങ്ങിയോടിയ ഡ്രൈവരുടെ കാലിന് പരിക്കേറ്റു.
സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് വിലായത് ബുദ്ധ. എന്നാല്‍ അദ്ദേഹത്തിന്റെ അകാലവിയോഗത്തെ തുടര്‍ന്ന്, അദ്ദേഹത്തിന്റെ ശിഷ്യനും ലൂസിഫറില്‍ പൃഥ്വിരാജ് സുകുമാരന്റെ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാര്‍ ഈ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജി.ആര്‍ ഇന്ദുഗോപന്‍, രാജേഷ് പിന്നാടന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഷമ്മി തിലകന്‍, അനു മോഹന്‍, രാജശ്രീ നായര്‍, ടി ജെ അരുണാചലം തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ പ്രിയംവദയാണ് നായികാ വേഷം ചെയ്യുന്നത്.
Read more
പൃഥ്വിരാജിനെക്കൂടാതെ മറ്റൊരു പ്രധാന കഥാപാത്രമായി കോട്ടയം രമേഷ് ആണ് അഭിനയിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്, 777 ചാര്‍ലിയുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ ചലിപ്പിക്കുന്നത്.