95-ാമത് ഓസ്‌കറില്‍ മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തിലായിരുന്നു എലിഫന്റ് വിസ്പറേഴ്‌സിന് പുരസ്‌കാരം ലഭിച്ചത്. ഇപ്പോഴിതാ ഡോക്യുമെന്ററി സമ്മാനിച്ച അഭിമാന നേട്ടത്തിന്റെ സുവര്‍ണ ശില്പം ബൊമ്മനും ബെല്ലിയും ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് പങ്കുവെച്ച ചിത്രത്തിന് നിരവധി പ്രതികരണങ്ങളും എത്തുന്നുണ്ട്. ‘നമ്മള്‍ വേര്‍പിരിഞ്ഞിട്ട് നാല് മാസമായി, പക്ഷെ ഇപ്പോള്‍ എനിക്ക് എന്റെ വീട്ടില്‍ തിരികെ എത്തിയത് പോലെ തോന്നുന്നു,’ കാര്‍ത്തികി ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതി.
ഇരുവരും പുരസ്‌കാരവുമായി നില്‍ക്കുന്ന ചിത്രം കാണാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു, ഇരുവരുടെയും പുഞ്ചിരി കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകള്‍.
തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനത്തിലെ ദമ്പതികളായ ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണയിലുള്ള രഘു, അമ്മു എന്നീ അനാഥ ആനക്കുട്ടികളുടെ കഥയാണ് ദ എലിഫന്റ് വിസ്പറേഴ്‌സ്. ഇരുവര്‍ക്കുമിടയിലുള്ള ഊഷ്മളമായ ബന്ധവും അവരുടെ ചുറ്റുപാടുകളും പ്രകൃതി സൗന്ദര്യവും ഡോക്യുമെന്ററി പറയുന്നു.